പാക്കിസ്ഥാനെ തല്ലിയൊതുക്കി ടീം ഇന്ത്യ ; കൂറ്റന്‍ ജയം

ലോകകപ്പില്‍ പതിവ് തെറ്റിക്കാതെ ടീം ഇന്ത്യ. പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം 89 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തത്. മികച്ച തുടക്കത്തിനു ശേഷം തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന് 40 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

62 റണ്‍സെടുത്ത ഫഖര്‍ സമാനാണ് പാക്കിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. രണ്ട് വീതം വിക്കറ്റുകളിട്ട വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. നേരത്തെ രോഹിത്തിന്റെ സെഞ്ചുറിക്ക് പിന്നാലെ വിരാട് കോലി (77), കെ.എല്‍. രാഹുല്‍ (57) എന്നിവരുടെ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഈ ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും രോഹിത് സെഞ്ചുറി നേടിയിരുന്നു.

ശ്രദ്ധയോടെയാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്‌സ് ആരംഭിച്ചത്. 337 എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ അവര്‍ ശ്രദ്ധാപൂര്‍വം ബാറ്റ് ചെയ്തു. ഇന്ത്യയുടെ ന്യൂ ബോള്‍ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞതോടെ ആദ്യ ഓവറുകളില്‍ പാക്കിസ്ഥാന്‍ റണ്‍ വരള്‍ച്ച നേരിട്ടു. എന്നാല്‍ 2.4 ഓവര്‍ പന്തെറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ പരിക്ക് പറ്റി മടങ്ങി. ഭുവിയുടെ ഓവര്‍ തീര്‍ക്കാന്‍ പന്തെടുത്ത വിജയ് ശങ്കര്‍ ആദ്യ പന്തില്‍ തന്നെ ഇമാമുല്‍ ഹഖിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി. 7 റണ്‍സെടുത്താണ് സമാന്‍ മടങ്ങിയത്.

ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പിക്കാന്‍ സാധിച്ചിട്ടില്ല.