മസ്തിഷ്‌കജ്വരം ; ബീഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 93 ആയി
ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 93 ആയി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് ഇത്രയും കുട്ടികള്‍ രോഗം ബാധിച്ച് മരിച്ചത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്നത് മൂലമാണ് പെട്ടെന്നുള്ള മരണം സംഭവിക്കുന്നത്. എന്നാല്‍ മസ്തിഷ്‌ക ജ്വരത്തിനുള്ള കാരണമെന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.
ലിച്ചിപ്പഴത്തില്‍ നിന്നാണ് രോഗം പടരുന്നതെന്ന് വ്യാപക പ്രചരണമുണ്ടെങ്കിലും ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപയുടെ സഹായം നല്‍കാന്‍ ബീഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
തെക്കന്‍ ബീഹാറിലെ മുസാഫര്‍നഗറിലാണ് മസ്തിഷ്‌ക്കവീക്കം ബാധിച്ച് ഏറ്റവുമധികം കുട്ടികള്‍ മരിച്ചത്. 70 കുട്ടികള്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പതിനാല് പേര്‍ കേജ്രിവാള്‍ ആശുപത്രിയിലും മരിച്ചു. രണ്ട് ആശുപത്രികളിലുമായി ഒന്‍പത് കുട്ടികള്‍ കൂടി ഇന്ന് മരിച്ചു.
കടുത്ത ചൂട് കാരണമുണ്ടാകുന്ന നിര്‍ജലീകരണം ശരീരത്തിലെ പഞ്ചസാരയുടേയും മറ്റു ധാതുക്കളുടേയും അളവില്‍ കുറവ് വരുത്തുന്നതാവാം കുട്ടികളുടെ മരണകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. രോഗബാധ തടയുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടെന്ന് വിമര്‍ശനമുയരുന്നതിനിടെയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ബീഹാര്‍ സന്ദര്‍ശിച്ചു. അതിനിടെ ബീഹാറില്‍ അത്യുഷ്ണം മൂലം മരിച്ചവരുടെ എണ്ണം 47 ആയി.
ജാപ്പനീസ് എന്‍സിഫലൈറ്റിസ് വൈറസ് (ജെഇവി) എന്ന വൈറസാണ് ഈ രോഗബാധയ്ക്ക് കാരണമാകുന്നത്. 1955-ല്‍ തമിഴ്‌നാട്ടിലാണ് രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇതേ തരം വൈറസാണിപ്പോള്‍ ബിഹാറിലും പടര്‍ന്നുപിടിച്ചിരിക്കുന്നത്. പ്രധാനമായും അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മണിപ്പൂര്‍, മേഘാലയ, ത്രിപുര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഈ വൈറസ് ബാധ കാണപ്പെടുന്നത്.