രണ്ടില രണ്ടു വഴിക്കായി ; കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു ; ജോസ് കെ മാണി പുതിയ ചെയര്‍മാന്‍
ദിവസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്ക് അവസാനമായി കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിളര്‍ന്നു രണ്ടായി. സംസ്ഥാന കമ്മിറ്റി വിളിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തതായി ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചു. ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി കെ എ ആന്റണിയാണ് കത്ത് നല്‍കിയത്. കോട്ടയത്ത് ചേര്‍ന്ന സമാന്തര സംസ്ഥാന സമിതി യോഗം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.
312 സംസ്ഥാന സമിതി അംഗങ്ങള്‍ പങ്കെടുത്തതെന്നാണ് ജോസ് പക്ഷത്തിന്റെ അവകാശവാദം. അതേസമയം സി എഫ് തോമസ് അടക്കം മുതിര്‍ന്ന നേതാക്കള്‍ വിട്ടു നിന്നിരുന്നു. പാര്‍ട്ടി പിളര്‍ന്നെന്നും എന്നാല്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് പ്രതികരിച്ചു.
നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുന്ന കേരളാ കോണ്‍ഗ്രസില്‍ തുടരുമെന്നാണ് സിഎഫ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റിയല്ല നടന്നതെന്നും ആള്‍ക്കൂട്ടമാണ് ചെയര്‍മാനെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കില്‍ 10 ദിവസത്തെ നോട്ടീസ് നല്‍കണം. ഇതൊന്നുമില്ലാതെയാണ് യോഗം വിളിച്ചിരിക്കുന്നത് എന്നും ജോസഫ് പറഞ്ഞു.
പാര്‍ട്ടി പിളര്‍ന്നുവെന്നും എന്നാല്‍ പിളര്‍പ്പിന്റെ കൂടെ ആരും ഇല്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.ജോസ് കെ മാണിയുടെ പദവി നിലനില്‍ക്കില്ല. ജോസ് കെ മാണി ഔദ്യോഗിക
ചെയര്‍മാനല്ലെന്ന് തെളിയിക്കും. സംസ്ഥാനകമ്മിറ്റിയിലുള്ളവര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. ആള്‍ക്കൂട്ട തീരുമാനങ്ങള്‍ നിലനില്‍ക്കില്ല. യോഗം അസാധുവാണെന്നും അതിനാല്‍ തന്നെ തീരുമാനങ്ങളൊന്നും നിലനില്‍ക്കില്ലെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
220 സംസ്ഥാന സമിതിയംഗങ്ങള്‍ യോഗത്തിന് എത്തിയെന്നാണ് ജോസ്.കെ മാണി വിഭാഗം വ്യക്തമാക്കുന്നത്. സംസ്ഥാനസമിതിയില്‍ ഭൂരിപക്ഷം പേരും ജോസ് കെ മാണി വിഭാഗത്തോട് ഒപ്പമാണെങ്കിലം പാര്‍ട്ടി എംഎല്‍എമാരില്‍ കൂടുതല്‍ പേരും ജോസഫ് പക്ഷത്താണ്. ഇതോടെ പാര്‍ട്ടിയുടെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താന്‍ നിയമപോരാട്ടം തന്നെയാവും ഇനി നടക്കുക.