പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ വീണ്ടും ആക്രമണം

പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ വീണ്ടും ഭീകരാക്രമണം. 44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. ഒരു വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് സൈന്യം വ്യക്തമാക്കി. സ്‌ഫോടനത്തിന് ശേഷം വാഹനത്തിന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

എന്നാല്‍ സൈനികര്‍ സുരക്ഷിതരെന്നും നിസ്സാര പരിക്കുകള്‍ മാത്രമാണ് ഉള്ളതെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ ഐഇഡി ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നത്.

കഴിഞ്ഞ ദിവസം ജമ്മുകശ്മീരില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്ത്യക്ക് അമേരിക്കയും പാകിസ്ഥാനും മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. അവന്തിപൊര മേഖലയില്‍ പുല്‍വാമ മാതൃകയിലുള്ള ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നെന്ന വിവരം പാകിസ്ഥാന്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും കൈമാറിയിരുന്നു. ഭീകരന്‍ സാക്കിര്‍ മൂസയെ സുരക്ഷാ സേന വധിച്ചതിലുള്ള പ്രതികാരത്തിന് തയ്യാറെടുക്കുന്നുവെന്നാണ് പാകിസ്ഥാന്‍ കൈമാറിയ വിവരം.

ഫെബ്രുവരി 14-ന് പുല്‍വാമയില്‍ സിആര്‍പിഫ് സൈനിക വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തു നിറച്ച വാഹനം ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഓടിച്ചു കയറ്റിയിരുന്നു. ഈ ഭീകരാക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്.