കേരളാ കോണ്‍ഗ്രസ്സ് (ജോസ് ), എല്‍. ഡി എഫിലേക്ക്


കോട്ടയം: പിന്തുണയും, നിയമവും ചൂണ്ടിക്കാട്ടി പിളര്‍ന്ന് സ്വയം ചെയര്‍മാന്‍ സ്ഥാനത്ത് അവരോധിക്കപെട്ട പി.ജെ. ജോസഫിനും, ജോസ് കെ. മാണിക്കും ഇനി തങ്ങളുടെ ചെയര്‍മാന്‍ കസേര സ്ഥിതീകരിച്ച് കിട്ടേണ്ടത് ഇലക്ഷന്‍ കമ്മീഷന്റെയും, കോടതിയുടെയും പക്കല്‍ നിന്നാണ്. ഇതില്‍ നിയമപരമായ മുന്‍തൂക്കം പി.ജെ. ജോസഫിന് ലഭിക്കുമെന്ന വിലയിരുത്തലാണ് പൊതുവെ ഉള്ളത് അങ്ങനെയെങ്കില്‍ ജോസ് കെ മാണി നേതൃത്വം നല്‍കുന്ന സംഘത്തിന് പുതിയ കേരളാ കോണ്‍ഗ്രസ്സ് അനിവാര്യമാകും. പിളര്‍പ്പിലെ പതിവ് പിന്തുടര്‍ച്ചകളെ വെച്ച് വിലയിരുത്തിയാല്‍ ജോസ് കെ. മാണി നേതൃത്വം നല്‍കുന്ന വിഭാഗത്തിന് കേരളാ കോണ്‍ഗ്രസ്സ് (ജോസ് ) എന്ന പേരില്‍ മുന്നോട്ട് പോകേണ്ടിയതായും വരും.

പിളര്‍ന്ന്, പിളര്‍ന്ന് ഇനി കേരളാ കോണ്‍ഗ്രസ്സ് എന്തുചെയ്യുമെന്ന് ചിന്തിക്കുന്നവരെ അമ്പരിപ്പിക്കുന്നതാണ് പിളര്‍ന്ന് പോകുന്നവര്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കുന്ന ചലനം. പിളര്‍പ്പുകളെ കണക്കറ്റ് പരിഹസിക്കുമ്പോഴും പിന്നോട്ട് പരിശോധിച്ചാല്‍ മനസ്സിലാകും ഒരു കേരളാകോണ്‍ഗ്രസ്സിനും മുന്നണികളില്‍ ഇടം നേടാനാകാത്ത അവസ്ഥയുണ്ടായിട്ടില്ല എന്ന വസ്തുത. ഇടം നേടിയിട്ടും രക്ഷപെടാതെ
പോയ കേരള കോണ്‍ഗ്രസ്സ് ഫ്രാന്‍സിസ് ജോര്‍ജ്ജും, ആന്റണി രാജുവും കൂടെ നയിച്ച ജനാതിപത്യ കേരളാ കോണ്‍ഗ്രസ്സ് മാത്രമാണ്.

ഇപ്പോള്‍ രാജ്യസഭാ എം.പി. യായി തുടരുന്ന ജോസ് കെ മാണി ലക്ഷ്യം വെക്കുന്നത് പാലാ സീറ്റ് തന്നെയാണ്. മത്സരിക്കുന്നതാകട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായും. എല്‍.ഡി.എഫില്‍ നിന്ന് ലഭിച്ച ഉറപ്പിന്റെ ബലത്തിലാണ് പിളര്‍പ്പ് പരസ്യപ്പെടുത്തുന്ന നടപടികളിലേക്ക് ജോസ് വിഭാഗം എത്തിയിരിക്കുന്നത്. പി.ജെ ജോസഫിനെ പിന്തുണക്കുന്ന നയം സ്വീകരിക്കുന്ന കോണ്‍ഗ്രസ്സിന് ഇതിലൂടെ വ്യകതമായ സൂചനയും നല്‍കി കഴിഞ്ഞു. യു.പി.എ അധികാരത്തിലെത്താത്ത സാഹചര്യത്തില്‍ എം.പി.സ്ഥാനം രാജിവെച്ച് പാലായില്‍ നിന്ന് കേരള രാഷ്ട്രീയയത്തിലേക്ക് അച്ഛന്‍ കെ.എം മാണിയെ പോലെ മന്ത്രി പദത്തിലെത്തുക എന്നത് തന്നെയാണ് ജോസ് കെ മാണി ലക്ഷ്യം വെക്കുന്നത്. ഇത് അംഗീകരിക്കുന്നതോടെ സി.പി.എം ന് രാജ്യ സഭയില്‍ ഒരു എം.പി. സ്ഥാനവും ലഭിക്കും. മന്ത്രി സഭ വിപുലീകരിക്കാതെ ഇടുക്കിയില്‍ നിന്നുള്ള എം.എം. മണിയെ രാജിവെപ്പിച്ച് ജോസ് കെ മാണിക്ക് മന്ത്രി സ്ഥാനം നല്‍കുക എന്നധാരണയിലാണ് ചര്‍ച്ചകള്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍ ബാര്‍ കോഴയും, ജോസ് കെ മാണിയെകുറിച്ചുള്ള സരിതയുടെ കത്തിലെ പരാമര്‍ശവും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്തി, അതേ ജോസ് കെ. മാണിഎല്‍.ഡി.എഫില്‍ വരുന്നതിനോടുള്ള എതിര്‍പ്പ് സി.പി.ഐ യും, തങ്ങളുടെ നിലനില്‍പ്പിനെ ഭയക്കുന്ന ജനാതിപത്യ കേരളാ കോണ്‍ഗ്രസ്സും അനൗദ്യോകികമായി അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തിലും കേരളത്തിലും കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ സി.പി.എം ന്യൂനപക്ഷ ഏകീകരണം ലക്ഷ്യമിട്ട് വല്യേട്ടന്‍ തീരുമാനം കൈക്കൊള്ളുമെന്ന് തന്നെയാണ് വിലയിരുത്തുന്നത്.