ജപ്പാനില്‍ ഭൂകമ്പം ; സുനാമി മുന്നറിയിപ്പ്
ജപ്പാനിലെ പടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭുചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും തിരമാലകള്‍ 3.3 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ജപ്പാന്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
മുന്നറിയിപ്പിനെ തുടര്‍ന്ന് രണ്ട് ബുള്ളറ്റ് ട്രെയിനുകള്‍ റദ്ദാക്കുകയും കാഷിവസാകി-കാരിവ ആണവ വൈദ്യുത നിലയത്തിലെ ഏഴ് റിയാട്കറുകള്‍ അടയ്ക്കുകയും ചെയ്തു. ഇതുവരെ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ക്യോഡോ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2011 മാര്‍ച്ച് 11നാണ് ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂചലനവും സുനാമിയുമുണ്ടായത്. സുനാമിയില്‍ ഫുക്കുഷിമ ആണവ നിലയം തകരുകയും ഏകദേശം 18000 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
സമുദ്രത്തിലെ 10 കിലോമീറ്റര്‍ അടിയിലാണ് ഭൂചലനമുണ്ടായത്. യമഗാട്ട, നിഗാട്ട, ഇഷികാവ തുടങ്ങിയ തീര നഗരങ്ങളില്‍ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.