ജാലവിദ്യക്കിടെ പുഴയില്‍ മുങ്ങിപ്പോയ മജീഷ്യന്റെ മൃതദേഹം കണ്ടെത്തി

ലോക പ്രശസ്ത മാന്ത്രികന്‍ ഹാരി ഹുദിനിയുടെ ജാലവിദ്യ കാണിക്കുന്നതിനിടെ നദിയില്‍ കാണാതായ മജീഷ്യന്റെ മൃതദേഹം കണ്ടെത്തി. ജാലവിദ്യക്കിടെ നദിയില്‍ കാണാതായ മജീഷ്യന്‍ ചഞ്ചല്‍ ലഹ്രിയുടെ മൃതദേഹമാണ് കാണാതായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ മാറി കണ്ടെത്തിയത്.

കൊല്‍ക്കത്തയിലെ ഹൂബ്ലി നദിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. മാന്ത്രികനെ കൈകാലുകള്‍ കെട്ടി ബന്ധനസ്ഥനാക്കി വെള്ളത്തിലാഴ്ത്തുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ പൂട്ടെല്ലാം പൊട്ടിച്ച് രക്ഷപ്പെടുന്നതുമാണ് മാജിക്.

ചഞ്ചല്‍ ലാഹിരിയെ ബോട്ടില്‍ നദീമധ്യത്തിലെത്തിച്ച ശേഷം കൈകാലുകള്‍ ചങ്ങല ഉപയോഗിച്ച് പൂട്ടി. തുടര്‍ന്ന് ഹൗറ പാലത്തില്‍ നിന്ന് ക്രയിന്‍ ഉപയോഗിച്ചാണ് നദിയിലേക്ക് ഇറക്കിയത്. 10 മിനിറ്റിന് ശേഷവും മജീഷ്യന്‍ ഉയര്‍ന്ന് വരാത്തതോടെ ആളുകള്‍ പരിഭ്രാന്തരായി. പൊലീസില്‍ വിവരമറിയിച്ചതോടെ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.

നദിയില്‍ ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നതാണ് അപകടം നടക്കുവാന്‍ കാരണമായി പറയുന്നത്.