ബിനോയ് കോടിയേരിയ്‌ക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി ഇടപെടില്ല
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി ഇടപെടില്ല എന്ന് വ്യക്തമാക്കി മുതിര്‍ന്ന നേതാക്കള്‍. ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണം വ്യക്തിക്കെതിരായ കേസ് മാത്രമായി പരിഗണിച്ച് കോടിയേരിയെ സംരക്ഷിക്കുന്ന നിലപാടെടുക്കുകയാണ് സിപിഎം നേതാക്കള്‍. മകനെതിരായ കേസ് കോടിയേരിയെ തല്ലാനുള്ള വടിയായി ഉപയോഗിക്കാനാണ് ഭാവമെങ്കില്‍ അങ്ങനെ തല്ലുകൊള്ളാന്‍ വിട്ട് തരില്ലെന്നായിരുന്നു കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്റെ പ്രതികരണം.
കോടിയേരിയുടെ മകന്‍ പാര്‍ട്ടി മെമ്പറല്ലെന്ന് കണ്ണൂരില്‍ പറഞ്ഞ പി ജയരാജന്‍, കോണ്‍ഗ്രസിന്റെ എറണാകുളം എം പി ബലാത്സംഗക്കേസ് പ്രതിയാണെന്നും ഇയാള്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി എടുത്തോയെന്നും ചോദിച്ചു. ബിനോയ് കോടിയേരി എന്ന വ്യക്തിയുടെ പേരിലുള്ള കേസ് അതിന്റെ വഴിയ്ക്ക് പോവട്ടെയെന്നും അതില്‍ കോടിയേരിയെ തള്ളിപ്പറയുന്നത് ന്യായമല്ലെന്നുമുള്ള നിലപാടിലാണ് നേതാക്കള്‍.
ബിനോയ് വ്യക്തിപരമായി എന്താണ് ചെയ്യുന്നതെന്ന് കോടിയേരിക്ക് പറയാനാവില്ലെന്നും പാര്‍ട്ടിയെയും പാര്‍ട്ടി സെക്രട്ടറിയേയും ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും പറഞ്ഞ പി ജയരാജന്‍ വ്യക്തമാക്കുന്നത് ബിനോയിയെ തള്ളുന്ന പാര്‍ട്ടി നിലപാട് തന്നെയാണ്.
എന്നാല്‍, എം വി ഗോവിന്ദനും പി ജയരാജനുമല്ലാതെ മറ്റ് നേതാക്കളൊന്നും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കണ്ണൂരില്‍ സിഒടി നസീര്‍ വധശ്രമക്കേസിന്റെ പശ്ചാത്തലത്തിലുള്ള യോഗത്തിലായിരുന്നു ഇരു നേതാക്കളുടെയും പ്രതികരണം. ഇത് തന്നെയാണോ പാര്‍ട്ടിയുടെ പൊതുനിലപാട്, അല്ലെങ്കില്‍ കോടിയേരിയെ ഒറ്റപ്പെടുത്തുമോ എന്ന് കണ്ടറിയണം.
തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ പാര്‍ട്ടിയും മുന്നണിയും വിരണ്ട് നില്‍ക്കുകയാണ്. കണ്ണൂരിലെ പാര്‍ട്ടി കോട്ടകളടക്കം ഒലിച്ചുപോയ സാഹചര്യം. ആറിടത്ത് ഉപതെരഞ്ഞെടുപ്പ് വരുന്നു. തോല്‍വി മറികടക്കാന്‍ തിരുത്തല്‍ നടപടികളിലേക്ക് പാര്‍ട്ടി കടക്കാനിരിക്കെയാണ് പാര്‍ട്ടി സെക്രട്ടറി തന്നെ പ്രതിരോധത്തിലാകുന്നത്.
എന്താണ് സംഭവിച്ചതെന്ന ചോദ്യം പോലും കോടിയേരിയെ ഒറ്റപ്പെടുത്തുന്നതായിരിക്കുമെന്നിരിക്കെയാണ് കോടിയേരിയെ തള്ളാതെ പി ജയരാജനും എം വി ഗോവിന്ദനും രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രനേതാക്കളുടെ ആദ്യപ്രതികരണത്തില്‍ പക്ഷേ അതൃപ്തി പ്രകടമാണ്.
ബീഹാര്‍ സ്വദേശിനിയും മുംബൈയിലെ ഡാന്‍സ് ബാര്‍ ജീവനക്കാരിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ ബിനോയ് തന്നെ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. കൂടാതെ, ഈ ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു.
മുംബൈ അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നല്‍കിയത്. ബിനോയ് താന്‍ വിവാഹിതനാണെന്ന വിവരം മറച്ചു വച്ചിരുന്നതായും യുവതി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. യുവതിയുടെ പരാതി അനുസരിച്ച് മുമ്പു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അതേസമയം, പരാതിക്കാരിയായ യുവതിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി പീഡന പരാതി ബ്ലാക്ക് മെയിലിംഗ് ആണെന്നാണ് അഭിപ്രായപ്പെട്ടത്. അഭിഭാഷകനുമായി ആലോചിച്ചു തുടര്‍ നടപടികളിലേയ്ക്ക് കടക്കുമെന്നും യുവതി മുന്‍പും ഭീഷണിപ്പെടുത്തിയിരുന്നതായും ബിനോയ് കോടിയേരി പറഞ്ഞു.