തമിഴ് നാട്ടിലും നിപാ വൈറസ് ; ഒരാള്‍ നിരീക്ഷണത്തില്‍
തമിഴ്‌നാട്ടില്‍ നിപാ വൈറസ് ബാധയെന്ന് സംശയമുള്ള ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് കടലൂര്‍ സ്വദേശിയെയാണ് പുതുച്ചേരി ജിപ്മര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ രക്തസാമ്പിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് ഇപ്പോള്‍. ഇയാള്‍ മലപ്പുറത്തെ തിരൂരില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു എന്നാണ് സൂചന. അവിടെ നിന്നാകും അസുഖം പകര്‍ന്നത് എന്ന സംശയം ഉണ്ട്.
കടുത്ത പനിയെതുടര്‍ന്ന് ഇയാളുടെ മരുമകന്‍ കേരളത്തിലെത്തി സ്വദേശത്തേയ്ക്ക് കൊണ്ടുവരികയായിരുന്നു. കടലൂരിലെ ജനറല്‍ ആശുപത്രിയിലാണ് ആദ്യം ഇയാളെ പ്രവേശിപ്പിച്ചിരുന്നത്. അവിടത്തെ ഡോക്ടര്‍മാര്‍ക്ക് നിപായാണോയെന്ന് സംശയം തോന്നിയത് കൊണ്ടാണ് പുതുച്ചേരി ജിപ്മര്‍ ആശുപത്രിയിലേയ്ക്ക് ഇയാളെ മാറ്റിയത്.
ഇയാളുമായി അടുത്തിടപഴകിയ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ജിപ്മറില്‍ തയ്യാറാക്കിയ പ്രത്യേക ഐസോലേഷന്‍ വാര്‍ഡിലാണ് ഇപ്പോള്‍ രോഗി ഉള്ളത്. പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ നിപാ ബാധയാണോയെന്ന് വ്യക്തമാകുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.