ശബരിമല വിമാനത്താവളത്തിനെതിരെ സംഘപരിവാര്‍ ; കുമ്മനത്തെ മുന്‍ നിര്‍ത്തി സമരപരിപാടികള്‍ക്ക് നീക്കം
ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്രീകരിച്ച് ശബരിമല വിമാനത്താവളം നിര്‍മ്മിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കംപുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് ഭൂസമരവുമായി രംഗത്ത് ഇറങ്ങാന്‍ തയ്യാറായി സംഘപരിവാര്‍. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുത്ത് പട്ടികജാതിക്കാര്‍ക്കും ആദിവാസികള്‍ക്കും നല്‍കണമെന്ന് ആവശ്യം മുന്‍നിര്‍ത്തിയാണ് സമരം ആരംഭിക്കുവാന്‍ അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നത് .
ഇതിനു വേണ്ടി ഭൂ അവകാശ സംരക്ഷണ സമിതിയെന്ന പുതിയ സംഘടനയ്ക്ക് രൂപം നല്കി കഴിഞ്ഞു. കുമ്മനം രാജശേഖരനെ സമരത്തിന്റെ മുഖമാക്കാനാണ് നീക്കം.
ഹിന്ദു ഐക്യവേദിക്കാണ് ഇതിന്റെ ഏകോപന ചുമതല. എന്നാല്‍ ബിജെപി ഉള്‍പ്പെടെയുള്ള മുഴുവന്‍ സംഘപരിവാര്‍ സംഘടനകളും ഇതിനായി അണിനിരക്കും. ശബരിമല വിമാനത്താവളം ഒരു കാരണവശാലും അനുവദിക്കില്ലെന്നും ചെറുവള്ളി എസ്റ്റേറ്റ് ഭൂരഹിതര്‍ക്ക് വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
ജൂണ്‍ 24നാണ് സമര പ്രഖ്യാപന കണ്വെന്ഷന്. ഇതിന്റെ പോസ്റ്റര്‍ പ്രചരണം അടക്കമുള്ള കാര്യങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അതേസമയം അടുത്ത കാലത്തായി എന്‍ ഡി എയില്‍ അംഗമായ പി സി ജോര്‍ജ്ജ് വിഷയത്തില്‍ ഇതുവരെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. ശബരിമല വിമാനത്താവളം സാധ്യമാകുവാന്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ച വ്യക്തിയാണ് പി സി.