വനിതാ പോലീസിനെ കത്തിച്ചു കൊന്ന പോലീസുകാരനും മരിച്ചു
മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥ സൗമ്യയെ നടുറോഡില്‍ പെട്രോളൊഴിച്ച് ചുട്ടുകൊന്ന കേസിലെ പ്രതി അജാസ് മരിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അജാസ് വൈകിട്ട് അഞ്ചരയോടെയാണ് മരിച്ചത്.
ആലപ്പുഴ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായിരുന്ന അജാസിന് സൗമ്യയെ തീകൊളുത്തുന്നതിനിടെയാണ് ഗുരുതരമായി പൊള്ളലേറ്റത്.
ഏകദേശം നാല്‍പത്തിയഞ്ചു ശതമാനത്തോളം പൊള്ളലേറ്റിരുന്ന അജാസിന്റെ മൃതദേഹം നാളെ പോസ്റ്റ് മോര്‍ട്ടം ചെയ്യും.
അതേസമയം, സൗമ്യയുടെ മൃതദേഹം നാളെ രാവിലെ വള്ളിക്കുന്നം പൊലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം പതിനൊന്ന് മണിയോടെ തെക്കേമുറിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
സൗമ്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്ന അജാസ് പല പ്രാവശ്യം അഭ്യര്‍ത്ഥിച്ചിട്ടും സൗമ്യ നിരസിച്ചു. അതില്‍ കടുത്ത വിഷമം തോന്നിയ അജാസ് സൗമ്യയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു..
ഡ്യൂട്ടി കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന സിവില്‍ പൊലീസുദ്യോഗസ്ഥയായിരുന്ന സൗമ്യയെ അജാസ് കാറിടിച്ചു വീഴ്ത്തിയ ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സൗമ്യയെ അജാസ് വടിവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടി. വെട്ടേറ്റ് വീണ സൗമ്യയുടെ ദേഹത്തേയ്ക്ക് കുപ്പിയിലുണ്ടായിരുന്ന പെട്രോള്‍ ഒഴിച്ചു കത്തിച്ചു.
പ്രാണരക്ഷാര്‍ത്ഥം ഓടിയ സൗമ്യ അജാസിനെ കെട്ടിപ്പിടിച്ചതോടെ കൊലയാളിക്കും പൊള്ളലേല്‍ക്കുകയായിരുന്നു. മാവേലിക്കരയിലെ സ്വന്തം വീടിന് സമീപത്ത് വച്ചാണ് സൗമ്യയെ അജാസ് അതിക്രൂരമായി കൊലപ്പെടുത്തിയത്.
സൗമ്യയുടെ സംസ്‌കാരചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് അജാസിന്റെ മരണ വാര്‍ത്ത പുറത്തു വരുന്നത്. ഇത്ര ഹീനമായ കൊലപാതകം നടത്തിയ അജാസിനെ ഔദ്യോഗികമായി പൊലീസ് അറസ്റ്റ് ചെയ്യും മുന്‍പാണ് ഇയാള്‍ മരണത്തിന് കീഴടങ്ങിയത്.
സൗമ്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ അജാസിനും കൃത്യത്തിനിടെ സാരമായി പരിക്കേറ്റിരുന്നു. സൗമ്യയെ കൊന്നശേഷം സംഭവസ്ഥലത്ത് തന്നെ നിന്ന അജാസിനെ പൊലീസ് പിടികൂടിയിരുന്നു.
എന്നാല്‍ വയറിനും മറ്റും സാരമായി പരിക്കേറ്റത്തിനാല്‍ അജാസിനെ നേരെ കായകുളം സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. വിശദമായ പരിശോധനയില്‍ കൂടുതല്‍ പൊള്ളലേറ്റെന്ന് കണ്ടെതിനെ തുടര്‍ന്ന് ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം അജാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിശദമായി ചോദ്യം ചെയ്യാനായിരുന്നു കേസ് അന്വേഷിക്കുന്ന വള്ളിക്കുന്നം പൊലീസിന്റെ പദ്ധതി.
പരിശീലനകാലയളവില്‍ പരിചയപ്പെട്ട സൗമ്യയോട് അടുത്ത് പരിചയമുണ്ടായിരുന്നുവെന്നും പിന്നീട് അവരോട് പ്രണയം തോന്നിയെന്നും അജാസ് മൊഴി നല്‍കി. സൗമ്യയ്ക്ക് ഇയാള്‍ സാമ്പത്തിക സഹായവും ചെയ്തിരുന്നു.
എന്നാല്‍ ഇയാള്‍ തുടര്‍ച്ചയായി വിവാഹ അഭ്യര്‍ത്ഥന നടത്തിയതോടെ സൗമ്യ ഇയാളില്‍ നിന്നും അകലാന്‍ ശ്രമിച്ചു. കടം വാങ്ങിയ പണം തിരികെ നല്‍കിയെങ്കിലും വാങ്ങാന്‍ കൂട്ടാക്കിയില്ല.
അമ്മയേയും കൂട്ടി എറണാകുളത്തേക്ക് വന്ന സൗമ്യ അജാസിനുള്ള പണം തിരികെ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അത് വാങ്ങാന്‍ അജാസ് തയ്യാറായില്ല. അമ്മയേയും മകളേയും തിരിച്ച് അജാസ് തന്നെ കാറില്‍ മാവേലിക്കരയില്‍ എത്തിക്കുകയും ചെയ്തു.
പണം തിരികെ വാങ്ങാതിരിക്കുകയും അജാസ് വിവാഹ അഭ്യര്‍ത്ഥനയും വധഭീഷണിയും തുടരുകയും ചെയ്തതോടെ സൗമ്യ ഇയാളില്‍ നിന്നും അകലം പാലിച്ചു തുടങ്ങി.
ഈ ബന്ധത്തിന്റെ പേരില്‍ അജാസ് ഒരു തവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. അജാസ് തന്നെ പിന്തുടരുമെന്നും കൊലപെടുത്താന്‍ ശ്രമിക്കുമെന്നും സൗമ്യയ്ക്കും അറിയാമായിരുന്നു.
തനിക്ക് എന്തെങ്കിലും പറ്റിയാല്‍ അതിന് കാരണം അജാസ് എന്ന പൊലീസുകാരനായിരിക്കുമെന്ന് സൗമ്യ തന്റെ മൂത്തമകനോട് പറഞ്ഞിരുന്നു. സൗമ്യയുടെ മരണശേഷം അമ്മയും മൂത്തമകനും നല്‍കിയ ഈ മൊഴികളാണ് ചിത്രം വ്യക്തമാകാന്‍ സഹായിച്ചത്.