ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയില്‍ വീണ് 45 പേര്‍ കൊല്ലപ്പെട്ടു

ഹിമാചലില്‍ ബസ് കൊക്കയിലേക്ക് വീണുണ്ടായ അപകടത്തില്‍ 42 കൊല്ലപ്പെട്ടു . മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എഴുപതോളം പേര്‍ അപകടം നടക്കുമ്പോള്‍ ബസിലുണ്ടായിരുന്നതായാണ് വിവരം. ഭൂരിഭാഗം ആളുകളും ബസിന് മുകളില്‍ കയറിയായിരുന്നു യാത്ര ചെയ്തിരുന്നത്.

ബഞ്ചാറില്‍ നിന്ന് ഗഡഗുഷാനിയിലേക്ക് പോയ സ്വകാര്യ ബസാണ് അഞ്ഞൂറടി താഴ്ചയുള്ള കൊക്കയിലേക്ക് വീണത്. കുളുവില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെ ബഞ്ചാറിലാണ് അപകടമുണ്ടായത്. അശ്രദ്ധമായ ഡ്രൈവിംഗും പരിധിയലധികം ആളുകള്‍ കയറിയതുമാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ പരിക്കേറ്റവരെ ബഞ്ചാര്‍ സിവില്‍ ആശുപത്രിയിലും കുളു ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം ഠാക്കൂറും ഗവര്‍ണര്‍ ആചാര്യ ദേവവ്രതും അപകടത്തില്‍ അനുശോചിച്ചു. സംഭവത്തില്‍ ഹിമാചല്‍ മുഖ്യമന്ത്രി മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.