കൊടും വരള്‍ച്ചയിലും കേരളത്തിന്റെ വെള്ളം വേണ്ടാ എന്ന് തമിഴ് നാട് സര്‍ക്കാര്‍
കൊടും വരള്‍ച്ചയിലും കേരളത്തിന്റെ സഹായത്തിനു നോ പറഞ്ഞു തമിഴ് നാട് സര്‍ക്കാര്‍. തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധതയറിയിക്കുകയായിരുന്നു. എന്നാല്‍ കുടിവെള്ളം ആവശ്യമില്ല എന്നാണു തമിഴ്‌നാട് സര്‍ക്കാര്‍ മറുപടി നല്‍കിയത്.
തിരുവനന്തപുരത്തും നിന്നും ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം.
അതേസമയം കാവേരിയില്‍ നിന്നും കൂടുതല്‍ വെള്ളം തമിഴ് നാടിന് നല്‍കാനാവില്ലെന്ന് ഇന്ന് ചേര്‍ന്ന കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി അറിയിച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറവായതിനാല്‍ കര്‍ണാടകത്തിലെ അണക്കെട്ടുകളില്‍ ആവശ്യത്തിന് വെള്ളമില്ലെന്നു വിലയിരുത്തിയാണ് തമിഴ്‌നാടിന്റെ തീരുമാനം.
കൊടും വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാടിന് അധികജലം നല്‍കാന്‍ കാവേരി വാട്ടര്‍ റെലുഗേഷന്‍ കമ്മിറ്റി തീരുമാനിക്കും എന്നായിരുന്നു പൊതുവില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തല്‍സ്ഥിതി തുടരാനാണ് കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി തീരുമാനം. അതേസമയം കടുത്ത വരള്‍ച്ച തുടരുന്ന ചെന്നൈയില്‍ ഇന്ന് മഴ പെയ്തത് ജനങ്ങള്‍ക്ക് ആശ്വാസമായി. 196 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെന്നൈ നഗരത്തില്‍ മഴ പെയ്യുന്നത്. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ സംസ്ഥാനത്ത് മഴ ശക്തമാവും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.