തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ അനുവദിക്കില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന വാദത്തില്‍ ഉറച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം മോശമല്ലെന്നും പ്രതീക്ഷയോടെ കുറച്ചു കൂടി കാത്തിരിക്കാമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ചോദ്യോത്തര വേളയിലാണ്, തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചത്.

കാന്‍സറില്ലാത്ത സ്ത്രീക്ക് കോട്ടയം മെഡിക്കല്‍ കൊളജില്‍ കീമോ നല്‍കിയ സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചികിത്സിച്ച ഡോക്ടറര്‍മാര്‍ക്ക് പിഴവ് സംഭവിച്ചതായി പറയുന്നില്ലെന്ന് ആരോഗ്യമന്ത്രിക്ക് വേണ്ടി സി.രവീന്ദ്രനാഥ് സഭയെ അറിയിച്ചു.അന്വേഷത്തത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. സ്വകാര്യ ലാബുകളുടെ കണക്ക് സര്‍ക്കാരിന്റെ കൈയ്യിലില്ലെന്നും ലാബുകളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ കൃത്യമായ കണക്കുകള്‍ ലഭിക്കുമെന്നും ആരോഗ്യ മന്ത്രി സഭയെ അറിയിച്ചു.

അതുപോലെ നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന വിപ്ലവ നായിക കെ.ആര്‍.ഗൗരിയമ്മയ്ക്കുള്ള സഭയുടെ ആദരം സ്പീക്കര്‍ പ്രത്യേക ശ്രദ്ധ ക്ഷണിക്കലിലൂടെ കൈമാറി.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഗൗരിയമ്മയ്ക്ക് ആശംസകള്‍ അറിയിച്ചു. ഗൗരിയമ്മയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കേണ്ടതുള്ളത് കൊണ്ട് വെള്ളിയാഴ്ച്ച സഭ ചേരേണ്ടതില്ലെന്ന് തീരുമാനിച്ചു.