തമ്മിലടിയും മോഷണവും ; അമിത് ഷാ നടത്തിയ യോഗാചരണം അടിച്ചു പിരിഞ്ഞു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നേതൃത്വം നല്‍കിയ യോഗാദിനാചരണമാണ് അടിച്ചു പിരിഞ്ഞത്. അന്തര്‍ദേശീയ യോഗാ ദിനത്തിന്റെ ഭാഗമായി ഹരിയാനയില്‍ നടന്ന യോഗാ പരിപാടിയാണ് പങ്കെടുക്കുവാന്‍ വന്നവര്‍ തമ്മിലുള്ള പിടിവലി കാരണം കുളമായത്. സംഘാടകര്‍ ക്രമീകരിച്ച യോഗമാറ്റ് കടത്തിക്കൊണ്ടുപോകാന്‍ വേണ്ടിയായിരുന്നു പരിപാടിയില്‍ പങ്കെടുത്തവര്‍ തമ്മില്‍ പിടിവലി നടന്നത്.

ആദ്യമാദ്യം ഓരോരുത്തവര്‍ ഓരോ യോഗാമാറ്റുകള്‍ എടുത്ത് ആരും കാണാതെ സ്ഥലം വിടാന്‍ തുടങ്ങി. ചിലര്‍ക്ക് ഒന്നിലധികം മാറ്റുകള്‍ കൊണ്ടാണ് സ്ഥലം വിട്ടത്. എന്നാല്‍ അഞ്ചും ആറും മാറ്റുകള്‍ ഒന്നിച്ച് കൊണ്ട് പോകാനുള്ള ശ്രമം സംഘാടകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം കയ്യാങ്കളിയിലേക്ക് നീങ്ങിയത്. യോഗ മാറ്റ് കിട്ടാത്തവര്‍ കിട്ടിയവരുടെ കയ്യില്‍ നിന്ന് പിടിച്ച് വലിക്കാനും ഇതിനിടെ ശ്രമം തുടങ്ങി. ഇതോടെ യോഗാമാറ്റുകള്‍ തിരിച്ചുവെപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് വലിയ ബഹളത്തില്‍ കലാശിക്കുകയായിരുന്നു.

യോഗാമാറ്റ് കടത്തിക്കൊണ്ട് പോകുന്നവരില്‍ നിന്ന് മാറ്റ് ബലം പ്രയോഗിച്ച് തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനും വേദി സാക്ഷിയായി. രാവിലെ ആറരയോടെയായിരുന്നു ഹരിയാനയിലെ യോഗാഭ്യാസ പ്രദര്‍ശനം. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അമിത് ഷാ ആയിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ആയിരക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. അതില്‍ കൂടുതലും സംഘപരിവാര്‍ അണികള്‍ ആയിരുന്നു താനും. അണികളുടെ ഈ പ്രവൃത്തി പാര്‍ട്ടിക്കും നാണക്കേട് ആയി മാറിക്കഴിഞ്ഞു.