ശിശു മരണം കാണാതെ ശിഖര്‍ ധവാന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു മോദി
ക്രിക്കറ്റ് കളിയ്ക്കിടെ പരിയ്ക്കുപറ്റിയ ശിഖര്‍ ധവാന്റെ ആരോഗ്യത്തിനുവേണ്ടി ആശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി യൂട്യൂബര്‍ ധ്രുവ് റാഠി. ബീഹാറില്‍ മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് 100ലേറെ കുട്ടികള്‍ മരണപ്പെട്ട കാര്യത്തില്‍ പ്രതികരിക്കാത്ത മോദി ധവാന്റെ കാര്യത്തില്‍ ഉടനെ പ്രതികരിച്ചതാണ് വിമര്‍ശനം ഏറ്റു വാങ്ങുന്നത്.
‘ഒടുക്കം ഇന്ത്യയിലെ ആരോഗ്യരംഗത്തെ പ്രതിസന്ധിയെക്കുറിച്ച് ട്വീറ്റ് ചെയ്യാന്‍ മോദി സമയം കണ്ടെത്തിയിരിക്കുന്നു. ശിഖര്‍ ദവാന്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചിരിക്കുന്നു. #മരിച്ച കുട്ടികള്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു’ എന്നാണ് ധ്രുവ് റാഠിയുടെ കുറിപ്പ്.
ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ചു 128 കുട്ടികളാണ് മരിച്ചത്. അഞ്ഞൂറിലധികം കുട്ടികളാണ് രോഗബാധയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ചികിത്സതേടിയത്. നരേന്ദ്രമോദി ഈ വിഷയത്തില്‍ പ്രതികരിച്ചില്ലെന്ന വിമര്‍ശനമുന്നയിച്ചാണ് ധ്രുവ് റാഠിയുടെ പരിഹാസം.
‘ പ്രിയപ്പെട്ട ധവാന്‍ പിച്ച് നിങ്ങളെ മിസ് ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് ഫീല്‍ഡിലേക്ക് തിരിച്ചുവരാനും അതുവഴി രാജ്യത്തിന് കൂടുതല്‍ വിജയങ്ങള്‍ നേടിത്തരാനും കഴിയട്ടെ. അതിനായി എത്രയും പെട്ടെന്ന് നിങ്ങള്‍ സുഖം പ്രാപിക്കുമെന്ന് കരുതുന്നു’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.