പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ആന്തൂര്‍ മുനിസിപ്പാലിറ്റിക്കെതിരെയാണ് കോടതി നടപടി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ് കേസ് എടുത്തത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.
സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കലേഷ്, ഓവര്‍സീയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ ബി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ചില കുറവുകള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അനാവശ്യ കാലതാമസം വന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതെന്നും തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കുറ്റവാളികളെന്ന് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.
കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ വീഴ്ച ഉണ്ടോ അനാവശ്യ കാലതാമസം വരുത്തിയോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ട് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സമഗ്രമായി പഠിച്ച ശേഷം പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു. ഇതിനിടയിലാണ് സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്.
15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ രണ്ട് ദിവസം മുമ്പ് ആത്മഹത്യ ചെയ്തത്. നൈജീരിയയില്‍ ജോലി ചെയ്ത് സാജന്‍ മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത്, കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്.
തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം സാജന്റെ ആത്മഹത്യയില്‍ കണ്ണൂരില്‍ സിപിഎം കനത്ത പ്രതിരോധത്തില്‍ ആണ് ഇപ്പോള്‍. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ മാത്രം കുറ്റക്കാരാക്കി കൈ കഴുകുവാനുള്ള ശ്രമം നടക്കുന്നുണ്ട് എങ്കിലും. നഗരസഭാ അധ്യക്ഷ ശ്യാമളയ്ക്ക് എതിരെ പാര്‍ട്ടിയുടെ താഴെത്തട്ടിലും എതിര്‍പ്പ് ഉയരുകയാണ്. സിപിഎം പ്രതിരോധത്തിലാവുന്ന തുടര്‍ച്ചയായ രണ്ടാമത്തെ സംഭവമാവുകയാണ് പ്രവാസി വ്യവസായിയുടെ ആത്മഹത്യ.