ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിയെ പിരിച്ചുവിടാന്‍ പിണറായി സര്‍ക്കാര്‍
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാനൊരുങ്ങി പിണറായി സര്‍ക്കാര്‍. അതേസമയം സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത വാര്‍ത്തയെക്കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞ നാരായണ സ്വാമി ഇതിനെക്കുറിച്ച് സര്‍ക്കാര്‍ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നു മാധ്യമങ്ങളോട് വ്യക്തമാക്കി. സംസാരിക്കുന്നതിനിടെ പലപ്പോഴും വികാരഭരിതനായാണ് രാജു നാരായണസ്വാമി സംസാരിച്ചത്.
ഇത് അഴിമതിക്കെതിരെ താന്‍ നടത്തിയ പോരാട്ടത്തിനുള്ള സമ്മാനമാണെന്ന് പറഞ്ഞ സ്വാമി, സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ആരോപിക്കുന്നു. മൂന്നാര്‍ മുതല്‍ സര്‍ക്കാര്‍ തന്നോട് പ്രതികാരം വീട്ടുകയാണ്, അഴിമതിക്കാരനായ ചീഫ് സെക്രട്ടറിയാണ് തനിക്കെതിരെ നടപടി എടുത്തിരിക്കുന്നത്.
നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നാരായണസ്വാമിയെ മാര്‍ച്ചില്‍ നീക്കിയിരുന്നു. ഇതിനെതിരെയുള്ള പരാതി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. കേസ് നിലവിലുള്ളത് മൂലമാണ് കേന്ദ്ര സര്‍വ്വീസില്‍ ചേരാത്തതെന്ന് പറഞ്ഞ നാരായണ സ്വാമി ഇക്കാര്യം ചീഫ് സെക്രട്ടറിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും അവകാശപ്പെടുന്നു.
അതേസമയം ഇദ്ദേഹത്തെ പിരിച്ചുവിടാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയതായാണ് വിവരം. കേന്ദ്ര സര്‍വീസില്‍ നിന്ന് തിരികെയെത്തിയത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല, നിരുത്തരവാദിത്വപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണസ്വാമിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. 10 വര്‍ഷം കൂടി സര്‍വീസ് കാലാവധി ശേഷിക്കെയാണ് രാജു നാരായണസ്വാമിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്.
എസ്എസ്എല്‍സി,ഐഐടി,സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയയാളാണ് രാജു നാരായണസ്വാമി. അതേ സമയം അഴിമതികള്‍ കണ്ടുപിടിച്ചതിനുള്ള പ്രതിഫലമാകാം തനിക്കെതിരെയുള്ള ഇത്തരം നീക്കങ്ങളെന്ന് രാജു നാരായണസ്വാമി പ്രതികരിച്ചു. പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് തനിക്ക് ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും രാജു നാരായണസ്വാമി വ്യക്തമാക്കി.