പണം നല്‍കാത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചവര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് പരാതി
കായംകുളം പുല്ലുകുളങ്ങരയില്‍ പണം നല്‍കാത്തതിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമര്‍ദിച്ചവര്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ എന്ന് ആരോപണം. പുല്ലുകുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി കാര്‍ത്തിക്കിനെയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചെതെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് പുറത്തിറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ കവാടത്തിന് മുന്നില്‍ വച്ചാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയോട് ഇവര്‍ നിരന്തരം പണം ആവശ്യപ്പട്ടു. പലതവണ ഭീഷണിപ്പെടുത്തി. ഒരു തവണ ചെറിയ തുക നല്‍കിയെങ്കിലും കൂടുതല്‍ പണം വേണമെന്ന ഭീഷണി തുടര്‍ന്നു.
ഒടുവില്‍ പണം കിട്ടില്ലെന്ന് മനസിലായതോടെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് വിദ്യാര്‍ത്ഥിയുടെ അമ്മ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അഭിജിത്ത്, അനന്ദു എന്നിവര്‍ക്കെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
സ്‌കൂളിലെ മിക്ക വിദ്യാര്‍ത്ഥികളെയും ഇവര്‍ ഭീഷണിപ്പെടുത്തി പണം തട്ടാറുണ്ടെന്നും കായംകുളം പൊലീസിന് നല്‍കിയ പരാതിയിലുണ്ട്. സംഭവത്തില്‍ ആദ്യം കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിക്കുന്നു.
അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ തങ്ങളുടെ പ്രവര്‍ത്തകരല്ലെന്ന് എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ നേതൃത്വം വിശദീകരിച്ചു. അജിത്ത്, അനന്ദു എന്നിവരെ പ്രതി ചേര്‍ത്ത് കായംകുളം പൊലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.