മുഹമ്മദ് നബിയുടെ പോരാട്ടം വിഫലം ; ഷമിയുടെ കരുത്തില്‍ ഇന്ത്യക്ക് ജയം

അവസാന ഓവര്‍ വരെ ആകാംഷയുടെ മുള്‍ മുനയില്‍ പ്രേക്ഷകരെ ഇരുത്തിയ മത്സരത്തില്‍ ഇന്ത്യക്ക് ജയം. കടലാസിലെ പുലികളായ ഇന്ത്യയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി അട്ടിമറിക്കായി പൊരുതിയ അഫ്ഗാനിസ്ഥാന് ഒടുവില്‍ തോല്‍വി. അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരുടെ കൃത്യതയ്ക്ക് മുന്നിലാണ് അഫ്ഗാന്‍ വീര്യം കീഴടങ്ങിയത്.

മുഹമ്മദ് നബിയുടെ അര്‍ധ ശതകത്തിന്റെ കരുത്തില്‍ പോരാട്ടവീര്യം പ്രകടിപ്പിച്ച അഫ്ഗാന്‍ 11 റണ്‍സിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. നബിയുടേതുള്‍പ്പെടെ അവസാന ഓവറിലെ മൂന്ന്, നാല് , അഞ്ച് പന്തുകളില്‍ വിക്കറ്റുകള്‍ നേടി ഹാട്രിക് നേടിയ ഷമിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഹാട്രിക് ഉള്‍പ്പടെ നാല് വിക്കറ്റുകള്‍ ഷമി സ്വന്തമാക്കിയപ്പോള്‍ ബുമ്ര, ചഹാല്‍, പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.

മികച്ച ബൗളിംഗിന് ശേഷം 225 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ആദ്യ ഓവറുകളില്‍ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും റണ്‍സ് വഴങ്ങാതെ പിടിച്ചു നിന്നെങ്കിലും അഫ്ഗാന്‍ വിക്കറ്റുകള്‍ വലിച്ചറിയാതെ കാത്തു.

ലോകകപ്പിലെ ആദ്യ മത്സരം കളിക്കുന്ന ഷമി കൂടുതല്‍ അപകടകാരിയായപ്പോള്‍ ആറാമത്തെ ഓവറില്‍ ഓപ്പണര്‍ ഹസ്രത്തുള്ള സസായ് വീണു. പിന്നീട് നായകന്‍ ഗുല്‍ബാദിന്‍ നെയ്ബും റഹ്മത് ഷായും പിടിച്ച് നിന്നതോടെ കളി അഫ്ഗാന് അനുകൂലമായി നീങ്ങുമെന്ന തോന്നലുണ്ടായി.

പക്ഷേ, നെയ്ബിനെ വിജയ് ശങ്കറിന്റെ കൈകളില്‍ എത്തിച്ചു ഹാര്‍ദിക് പാണ്ഡ്യ ബ്രേക്ക് ത്രൂ നല്‍കിയതോടെ മത്സരം ആവേശകരമായി. അധികം വൈകാതെ ഒരോവറില്‍ തന്നെ റഹ്മത് ഷായെയും ഹഷ്മത്തുള്ള ഷഹീദിയെയും കൂടാരത്തിലെത്തിച്ചു ബുമ്ര മാജിക് ആവര്‍ത്തിച്ചു. ഇതോടെ അട്ടിമറി സ്വപ്നം അഫ്ഗാനില്‍ നിന്ന് പതിയെ അകന്നു.

സ്‌കോര്‍ ഇന്ത്യ: നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 224
അഫ്ഗാന്‍: 49.5 ഓവറില്‍ 213 റണ്‍സിന് പുറത്ത്