മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച ആശുപത്രികളുടെ പരിസരത്ത് അജ്ഞാത അസ്ഥികൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും
മസ്തിഷ്‌ക ജ്വരം ബാധിച്ച് 108 കുട്ടികള്‍ മരണപ്പെട്ട ആശുപത്രികളുടെ കോമ്പൗണ്ടിനുള്ളില്‍ നിന്നും അസ്ഥിക്കൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയത് വിവാദമാകുന്നു. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തും മുസാഫിര്‍പൂരിലെ എസ്.കെ.എം സി. എച്ച് ആശുപത്രി പരിസരത്തുമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഉള്ള മനുഷ്യ എല്ലുകളും അസ്ഥികൂടങ്ങളും കണ്ടെത്തിയത്.
പോസ്റ്റുമോര്‍ട്ടം ചെയ്ത അജ്ഞാത മൃതദേഹങ്ങള്‍ ആശുപത്രി വളപ്പില്‍ തള്ളിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം വിവാദമായതോടെ ജില്ലാ മജിസ്‌ട്രേറ്റ്, ആശുപത്രി അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. അതേ സമയം മുസാഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 149 ആയി.
മസ്തിഷ്‌കജ്വരം ബാധിച്ച് മുന്നൂറിലേറെ കുട്ടികള്‍ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. ആശുപത്രിയുടെ അടുത്തുള്ള കാട്ടിലാണ് നൂറുകണക്കിന് മനുഷ്യരുടെ അസ്ഥികൂടം കണ്ടെത്തിയത്. ചില അസ്ഥികൂടങ്ങള്‍ കത്തിച്ച നിലയിലാണ്.
സംഭവം വിവാദമായതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോറന്‍സിക് വിഭാഗമാണ് അജ്ഞാത മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും തുറന്ന സ്ഥലത്ത് ഇത് ഉപേക്ഷിച്ചത് ശരിയല്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
അതേസമയം പോസ്റ്റുമോര്‍ട്ടം ചെയ്ത അജ്ഞാത മൃതദേഹങ്ങള്‍ കാട്ടില്‍ തള്ളിയതാണന്നാണ് ആശുപത്രിയിലെ ജീവനക്കാരന്‍ പറയുന്നത്. മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ ഓരോ ദിവസവും മരിച്ച് വീഴുന്നതിനിടെയാണ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു വീഴ്ചയുണ്ടാവുന്നത്. മൃതദേഹങ്ങളോട് ആശുപത്രി അധികൃതര്‍ കാണിച്ച അനാദരവില്‍ വിവാദം ഉയരുകയാണ്.
അസ്ഥികൂടങ്ങള്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്മെന്റുകള്‍ കൃത്യമായി നീക്കം ചെയ്യേണ്ടായിരുന്നെന്നും അല്പം കൂടി മാനുഷികസമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടിയിരുന്നെന്നും എസ്.കെ.എം.സി.എച്ച് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എസ്.കെ ഷാഹി പറഞ്ഞു. പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്മെന്റ് പ്രിന്‍സിപ്പലുമായി ഇക്കാര്യം സംസാരിക്കുമെന്നും വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.