പാര്‍ട്ടി പറഞ്ഞാല്‍ മാത്രം രാജി എന്ന് ശ്യാമള ; നേതൃത്വത്തിനു മൗനം
ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുടെ പേരില്‍ രാജി വയ്ക്കാന്‍ തയ്യാറല്ലെന്ന് ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമള. പാര്‍ട്ടി യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടുകളെല്ലാം പി കെ ശ്യാമള നിഷേധിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലും ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലും താന്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ല.
പക്ഷേ പാര്‍ട്ടി പറഞ്ഞാല്‍ രാജി വയ്ക്കുമെന്നും ശ്യാമള വ്യക്തമാക്കി. ശ്യാമള രാജിക്കത്തു നല്‍കി എന്ന പേരില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
ഇപ്പോള്‍ ആന്തൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ചേരുകയാണ്. പി ജയരാജനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിന് ശേഷം ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നടപടികള്‍ മാധ്യമങ്ങളോട് പറയാനാണ് സാധ്യത. പി കെ ശ്യാമളയ്ക്ക് എതിരെ പാര്‍ട്ടിയില്‍ തന്നെ അച്ചടക്ക നടപടി വന്നേക്കും. വിഷയത്തില്‍ പി കെ ശ്യാമളയുടെ വിശദീകരണം പാര്‍ട്ടി തേടിയിരുന്നു.
ഈ യോഗത്തിന് ശേഷം പി കെ ശ്യാമള രാജി പ്രഖ്യാപിക്കുമെന്ന സൂചനയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റ് ചേരുമ്പോള്‍ത്തന്നെ മാധ്യമങ്ങളെ കണ്ട പി കെ ശ്യാമള താന്‍ രാജി വയ്ക്കാന്‍ തയ്യാറല്ലെന്നും അത്തരം ഒരു സന്നദ്ധതയും ആരോടും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
പ്രവാസിയുടെ ആത്മഹത്യ പാര്‍ട്ടിയില്‍ വലിയ വിവാദമാവുകയും കീഴ്ഘടകങ്ങളില്‍ കടുത്ത അതൃപ്തിക്ക് കാരണമാവുകയും ചെയ്തതോടെ, ഇന്നലെ പാര്‍ട്ടി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എം വി ഗോവിന്ദന്റെ അധ്യക്ഷതയില്‍ത്തന്നെയായിരുന്നു യോഗം. യോഗത്തില്‍ എം വി ജയരാജനും പി ജയരാജനും ഒപ്പം പി കെ ശ്യാമളയും പങ്കെടുത്തു. വികാരാധീനയായാണ് യോഗത്തില്‍ പി കെ ശ്യാമള സംസാരിച്ചത്. കരച്ചിലിന്റെ വക്കോളമെത്തിയാണ് ശ്യാമള മറുപടി പറഞ്ഞതെങ്കിലും രൂക്ഷമായ വിമര്‍ശനം ഏരിയാ കമ്മിറ്റി യോഗത്തിലുണ്ടായി.
പാര്‍ട്ടിയിലെ ഈഗോ പ്രശ്‌നങ്ങളും ചേരിപ്പോരും ഒരു പ്രവാസിയുടെ ആത്മഹത്യയിലെത്തിച്ചെന്നും, സ്വപ്ന പദ്ധതിയെ ചുവപ്പുനാടയില്‍ കുരുക്കിയിട്ടെന്നും ബിജെപിയും കോണ്‍ഗ്രസും വ്യാപക പ്രചാരണ വിഷയങ്ങളാക്കുന്നത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇത് പാര്‍ട്ടിയെ അനാവശ്യമായി പ്രതിരോധത്തിലാക്കുകയായിരുന്നുവെന്നും അംഗങ്ങള്‍ പറഞ്ഞു. ശ്യാമള ജില്ലാ കമ്മിറ്റി അംഗമായതിനാല്‍ വിഷയം അവിടെ ചര്‍ച്ച ചെയ്യാമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കി. തുടര്‍ന്നാണ് ഇപ്പോള്‍ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ആന്തൂര്‍ വിഷയം ചര്‍ച്ചയാക്കുന്നത്.