പ്രവാസി വ്യവസായിയുടെ ആത്മഹത്യ ; പ്രത്യേക സംഘം അന്വേഷണം തുടങ്ങി ; ശ്യാമളയുടെ മൊഴിയെടുക്കും

ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സംഘം കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസില്‍ അന്വേഷണം തുടങ്ങിയത്.

സംഭവത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ നാല് ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സാജന്റെ കുടുംബാംഗങ്ങള്‍ ശ്യാമളക്കെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസിന്റെ നീക്കം.

നാര്‍ക്കോട്ടിക് ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ഇന്നലെയാണ് കേസ് അന്വേഷണത്തിന്റെ ചുമതല ഡിവൈഎസ്പിക്ക് കൈമാറിക്കൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്.

ആത്മഹത്യ പ്രേരണയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

അന്വേഷണസംഘം സാജന്റെ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. നേരത്തെ വളപട്ടണം പൊലീസ് കുടുംബത്തിന്റെ മൊഴിയെടുത്തിരുന്നു. നിലവില്‍ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

അതേസമയം, നഗരസഭ അധ്യക്ഷയെ രക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണം. ഐജി തല അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കള്‍ സാജന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. കണ്‍വെന്‍ഷന്‍ സെന്ററിന് 24 മണിക്കൂറിനകം അന്തിമാനുമതി നല്‍കണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ ആവശ്യപ്പെട്ടു.

അതിനിടെ സാജന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി മകന്‍ പാര്‍ത്ഥിപ് രംഗത്തെത്തി. മരിക്കുന്നതിന് തലേന്ന് അച്ഛന്‍ മനോവിഷമത്തിലായിരുന്നുവെന്ന് മകന്‍ പറഞ്ഞു. കെട്ടിടത്തിന് അനുമതി ലഭിക്കാത്തത് സംബന്ധിച്ച് അച്ഛന്‍ ടെന്‍ഷനിലായിരുന്നു. കെട്ടിടത്തിന് നഗരസഭാധ്യക്ഷ അനുമതി നല്‍കില്ലെന്ന് ഉറപ്പായിരുന്നു.

ലൈസന്‍സിനുള്ള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് അച്ഛന്‍ വിഷമത്തിലായത്. ലൈസന്‍സ് സംബന്ധിച്ച് എന്തെങ്കിലും ഒരു പ്രതീക്ഷ ഉണ്ടായിരുന്നെങ്കില്‍ അച്ഛന്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു. തങ്ങളുടെ സ്വപ്ന പദ്ധതിയായിരുന്നു ആ ഓഡിറ്റോറിയം. അതിന് ലൈസന്‍സ് ലഭ്യമാക്കുകയാണ് വേണ്ടതെന്നും സാജന്റെ മകന്‍ വ്യക്തമാക്കി.