മോദിയുമായി കൂടിക്കാഴ്ച നടത്തി അബ്ദുള്ള കുട്ടി

നരേന്ദ്രമോദിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചായിരുന്നു അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. ‘ബിജെപിയില്‍ ചേരൂ’, എന്ന് അബ്ദുള്ളക്കുട്ടിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗയില്‍ പങ്കാളിയായ വിവരം താന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി അതില്‍ സന്തോഷം പ്രകടിപ്പിച്ചു.

ശേഷം ഇന്ന് തന്നെ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം അബ്ദുള്ളക്കുട്ടി മാധ്യമങ്ങളെ കാണും.

ഇന്ന് ജമ്മു കശ്മീര്‍ ക്വോട്ട ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ലമെന്റിലുണ്ട്. അല്‍പസമയത്തിനകം ബില്ലവതരണത്തിന് മുമ്പ് തന്നെ അബ്ദുള്ളക്കുട്ടി അമിത് ഷായെ കണ്ടേക്കും.

നേരത്തേ കേരളാ നേതാക്കളുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയെന്നും ചര്‍ച്ചകള്‍ നടത്തിയെന്നും സൂചനകളുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കാണാനെത്തിയിരിക്കുന്നത്.

നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റില്‍ മോദിയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് മോദിയുടെ ഭരണത്തെ പ്രശംസിച്ച് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് അബ്ദുള്ളക്കുട്ടി ബിജെപിയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കര്‍ണാടകയിലെ എം.പി നളിന്‍കുമാര്‍ കട്ടീലുമായി അബ്ദുളളക്കുട്ടി നേരത്തെ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ബിജെപിയില്‍ എത്തിയാല്‍ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.