വേലികെട്ടിലെ തമ്പുരാക്കന്‍ന്മാര്‍ക്ക് പ്രവാസലോകം മാപ്പു തരുമോ?

കാരൂര്‍ സോമന്‍

ആന്തുര്‍ നഗര സഭയുമായി ബന്ധപ്പെട്ട സാജന്‍ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ ഒരു ഞെട്ടലോടെയാണ് പ്രവാസികള്‍ കേട്ടത്. ഇത്ര ദാരുണമായ മരണം പ്രവാസികളുടെ ഹ്ര്യദയത്തിനേറ്റ മുറിവും നൊമ്പരവുമാണ്. കോടതി ഇടപെട്ടതുപോലെ ലോകമെങ്ങുമുള്ള പ്രവാസികള്‍ കുറ്റവാളികള്‍ രക്ഷപ്പെടുമോയെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇരുപതോളം വര്‍ഷങ്ങള്‍ നൈജീരിയയില്‍ ജീവിതം പടുത്തുയര്‍ത്താന്‍ കഷ്ടപ്പെട്ട സത്യസന്ധനായ ഒരു പാവം പ്രവാസിയുടെ ആത്മഹത്യ ആരുടെ സൃഷ്ട്രിയാണ്? നൈജീരിയ എന്ന രാജ്യത്തു ഓരോ മലയാളിയും ഭയന്ന് തന്നെയാണ് ദിനങ്ങള്‍ കടന്നുപോകുന്നത്. കാടന്മാരയ ഭീകരുടെ വെടിയുണ്ടകള്‍ ഏത് നിമിഷവും അവിടെയെല്ലാം ചീറിപ്പാഞ്ഞുകൊണ്ടിരിക്കുന്നു. ശീതികരിച്ച ആഡംബര മുറികളിലിരിന്നു ജീവിതം ഉല്ലസിക്കുന്നവര്‍ക്ക് പ്രവാസികളുടെ നൊമ്പരങ്ങള്‍ അറിയണമെന്നില്ല. നൈജീരിയയിലെ മരണത്തില്‍ നിന്ന് രക്ഷപ്പെട്ട് ജന്മനാട്ടിലെത്തി ആര്‍ക്കോവേണ്ടി ജീവന്‍ ബലികഴിച്ച ഹതഭാഗ്യന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയേക്കാള്‍ ഇവിടെ നടന്നത് ചൂഷകനും മര്‍ദ്ദകനും തമ്മിലുള്ള പോരാട്ടമാണ്. മനുഷ്യരെപ്പോലെ ചിന്തിക്കുന്ന കഴുതകളെ നമ്മുക്ക് കാണാന്‍ സാധിക്കില്ല എന്നാല്‍ ഇന്ത്യയില്‍ നടക്കുന്ന ചില സംഭവങ്ങള്‍ കണ്ടാല്‍ കഴുതകളെപ്പോലെ ചിന്തിക്കുന്ന മനുഷ്യരെ ആള്‍ക്കൂട്ടത്തിനിടയില്‍ കാണുന്നുണ്ട്. ഈ വിഷയത്തില്‍ ഭരണപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവരും പലവട്ടം പ്രതിക്കൂട്ടില്‍ നിന്നവരാണ്. സത്യം പറയുന്നവരെ വലത്തു- ഇടത്തു പക്ഷ വിരുദ്ധര്‍ എന്ന് വിളിച്ചിട്ടും കാര്യമില്ല.

ഒരു ഭരണകൂടത്തെ ജനങ്ങള്‍ വിലയിരുത്തുന്നത് സത്യവും നീതിയും മാത്രമല്ല അവരുടെ നാക്കും വാക്കും നോക്കും ജനങ്ങള്‍ക്ക് പ്രസാദകരമാകണം. ഗുരുദേവന്‍ പറഞ്ഞ ഒരു വാചകമുണ്ട്. ‘അധര്‍മ്മപക്ഷത്തു നിന്ന് ജയിക്കുന്നതിനേക്കാള്‍ നല്ലത് ധര്‍മ്മപക്ഷത്തു നിന്ന് തോല്‍ക്കുന്നതാണ്’. ഇത് തിരിച്ചറിയേണമെങ്കില്‍ അധികാര അഹങ്കാരത്തെക്കാള്‍, പൊന്നിനേക്കാള്‍, പരിജ്ഞാനം സമ്പാദിക്കാനുള്ള മനസ്സുണ്ടാകണം. അധികാരസമ്പത്തിനേക്കാള്‍ ജ്ഞാനസമ്പത്തുള്ളവരാകണം. രാഷ്ട്രീയ മേഖലയാകുമ്പോള്‍ അവര്‍ ത്യാഗസമ്പന്നന്മാരാകണം, മറ്റുള്ളവര്‍ക്ക് കെണി വെക്കുന്നവരാകരുത്. ഒരാവശ്യവുമായി ഒരാള്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചെന്നാല്‍ അവിടെ നടക്കുന്നത് ഗാന്ധിയന്‍ സിദ്ധന്തമാണോ അതോ ജന്മികുടിയാന്‍ സിദ്ധന്തമോ? ഭരണാധികാരികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊലീസ് വകുപ്പുകള്‍, കളക്ടര്‍ ഇവരെയൊക്കെ തീറ്റിപോറ്റുന്നത് ജനങ്ങളുടെ നികുതി പണംകൊണ്ടാകുമ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ട്. നീതി നിഷേധങ്ങള്‍ നടന്നാല്‍ ലോകത്തിന്റ എല്ലാ ഭാഗത്തുനിന്നും ചോദ്യങ്ങളുയരും. ചൂഷകര്‍ക്കതിരെ പടപൊരുതേണ്ടവര്‍ അവരുടെ സംരക്ഷകരായി മാറാന്‍ പാടില്ല.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തു ഇത്രമാത്രം ജീര്‍ണ്ണതകള്‍ മലയാളികള്‍ കണ്ടുകാണില്ല. രാഷ്ട്രീയ കുത്തക മുതലാളിമാരെയും കണ്ടിട്ടില്ല. ഇന്നു കാണുന്ന പ്രവണതകള്‍ ജന്മി-കുടിയാന്‍ വ്യവസ്ഥിതി വീണ്ടും വരുമോ എന്നതാണ്. ജനങ്ങള്‍ കുടിയാന്മാരും അധികാരത്തിലുള്ളവര്‍ ജന്മിമാരായും മാറുന്നു. ഒരാള്‍ രാഷ്ട്രീയ നേതാവായാല്‍ അയാളുടെ കുടുംബത്തിലുള്ളവരും, ബന്ധുക്കളും അവര്‍ക്ക് ഓശാന പാടുന്നവരും അധികാരത്തിലെത്തുന്നത് വളരെ വേഗത്തിലാണ്. ഈ സുഖാനുഭവ നിമിഷങ്ങളില്‍ നീതി ലഭിക്കാതെ ഒരു കൂട്ടര്‍ മറുഭാഗത്തും നില്‍ക്കുന്നത് ഇവര്‍ മറക്കുന്നു. ഒരു കുറ്റത്താലാണ് അവരെ അകറ്റിയത്. പാര്‍ട്ടി അനുഭാവിയല്ല. മരണംവരെ അധികാരത്തില്‍ കടിച്ചുതൂങ്ങി കിടക്കുക, മക്കള്‍ രാഷ്ട്രീയം, സങ്കുചിത താല്പര്യങ്ങള്‍, ആന്തരികമായ അധികാരദാര്‍ഷ്ട്യം, ധൂര്‍ത്തു്, അധികാരത്തെ തന്‍കാര്യത്തിനായി ഉപയോഗിക്കുക, രാഷ്ട്രീയം നോക്കി എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധികരിക്കുക, പുരസ്‌കാരം-പദവികള്‍ നല്‍കുക, രാഷ്ട്രിയക്കാരല്ലാത്തവരെ പുറം തള്ളുക, സര്‍ക്കാര്‍ സ്ഥാപങ്ങളിലെ വെള്ളാനകളായ സെക്രട്ടറി അടക്കമുള്ളവരുടെ ധിക്കാരം, നീതി നിഷേധങ്ങള്‍, സ്ഥലംമാറി പോകാതെ രാഷ്ട്രിയക്കാര്ക്ക് സമ്മാനപ്പൊതികള്‍ നല്‍കി വര്ഷങ്ങളായി ഒരേ കസേരയിലിരിക്കുക, കൈക്കൂലി വാങ്ങി രക്ഷപ്പെടുക, ഇങ്ങനെ എണ്ണിയാല്‍ തീരാത്ത അധികാര ദുര്‍വിനിയോഗമാണ് കുറെ കാലങ്ങളായി കേരളത്തില്‍ നടക്കുന്നത്. ഇതെല്ലാം താഴെക്കിടയിലുള്ളവര്‍ കണ്ടുപഠിക്കുന്നത് മുകളിരിക്കുന്ന ജന്മിമാരില്‍ നിന്നാണ്. ഒരല്പം മനുഷത്വവും ജ്ഞാനവും വിവേകവും ജനസേവനവും മനസ്സിലുണ്ടായിരുന്നെങ്കില്‍ ഒരു പാവം പ്രവാസി തന്റെ സമ്പാദ്യമെല്ലാം ചിലവാക്കിയിട്ട് ആത്മഹത്യ ചെയ്യില്ലായിരുന്നു. കാപട്യം നിറഞ്ഞ ഈ ജനാധിപത്യത്തില്‍ നിന്നും മാനസിക പീഡനം ഏറ്റുവാങ്ങിയതുകൊണ്ടാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. ഇതുപോലെ എത്രയെത്ര നിരപരാധികള്‍ പീഡനങ്ങള്‍ അനുഭവിക്കുന്നത്, ആത്മഹത്യ ചെയ്യുന്നത് മാലോകരറിയുന്നില്ല.

മലയാളക്കരയെ പട്ടിണിയില്‍ നിന്നും പടുത്തുയര്‍ത്തിയ പ്രവാസികളെ കാലാകാലങ്ങളായി എങ്ങനെ കാണുന്നു എന്നുള്ളതിന്റ് തെളിവാണ് സാജന്‍ തന്റെ ഭാര്യയോട് പറഞ്ഞ മരണമൊഴികള്‍. അതിന്റ ഓഡിയോ വിഡിയോ ചോദിക്കുമെന്നറിയില്ല. കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൈക്കൂലി കൊടുത്തില്ലെങ്കില്‍ മനുഷ്യരുടെ മനസ്സിലും ശരീരത്തും റേഡിയേഷന്‍ കൊടുക്കുന്ന മനുഷ്യ യന്ത്രങ്ങള്‍ എല്ലായിടവുമുണ്ട്. കൈക്കൂലി കൊടുത്തില്ലെങ്കില്‍ യന്ത്രരാജന്‍ പണിമുടക്കും. കൈക്കൂലി കൊടുത്തിട്ടുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണത്. മരണപ്പെട്ടു കഴിഞ്ഞാല്‍ യന്ത്രരാജന്‍ റീത്തുമായിട്ടെത്തും. ഈ കാര്യത്തില്‍ അചഞ്ചലമായ മനോധൈര്യം അവര്‍ക്കുണ്ട്. ഇതുപോലെ ആത്മഹത്യ ചെയ്ത പുനലൂര്‍ക്കാരന്‍ സുഗതന്റെ മകനും പരാതികളുണ്ട്. ഇങ്ങനെ എത്രയോ പ്രവാസികള്‍ക്ക് നാട്ടിലെ രാഷ്ട്രീയക്കാര്‍ ശല്യക്കാരായി മാറുന്നു. ഇന്ത്യയില്‍ പണിയെടുക്കാതെ ജീവിക്കാനുള്ള ഏക മാര്‍ഗ്ഗം രാഷ്ട്രിയകൃഷിയായി കൊണ്ടുനടക്കുന്നവരാണിവര്‍. കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ചവര്‍ക്ക് ഒരു തൊഴിലും ലഭിക്കാതിരിക്കുമ്പോഴാണ് ഈ മടിയന്‍മാര്‍ അധികാരികളായി മാറി സമൂഹത്തിന് ഒന്നും ചെയ്യാതെ വെറും ബിംബങ്ങളായി കാലഘടികാരത്തിനുള്ളില്‍ സുഖഭോഗികളായി മദിച്ചു ജീവിക്കുന്നത്. ഇവരെ മാലോകരറിയുന്നത് ഏതെങ്കിലും പദവികളില്‍ വരുമ്പോഴാണ്. ബാക്കി കാര്യങ്ങള്‍ മാധ്യമങ്ങള്‍ ചെയ്തുകൊള്ളും.

സത്യത്തില്‍ പ്രവാസികള്‍ക്ക് നമ്മുടെ ഏതെങ്കിലും സര്‍ക്കാര്‍ എന്തെങ്കിലും അനുകുല്യങ്ങള്‍ നല്‍കിയിട്ടുണ്ടോ? കേരളത്തെ പട്ടിണിയില്‍ നിന്നും പടുത്തുയര്‍ത്തിയ പ്രവാസികളുടെ സമ്പത്തു് മാത്രം മതിയോ? വിദേശ രാജ്യങ്ങളില്‍ പലവിധത്തില്‍ ദുരിതദുഃഖങ്ങള്‍ അനുഭവിക്കുന്ന ധാരാളം പ്രവാസികളുണ്ട്. അവരുടെ നീറുന്ന വിഷയങ്ങളിലോ പ്രവാസം കഴിഞ്ഞു നാട്ടില്‍ മടങ്ങി ചെന്നാലും സര്‍ക്കാരിന് അവരുടെ ഭാവിയെപ്പറ്റി ഒരു ഉത്കണ്ഠയുമില്ല. പ്രവാസികളെ വെറും കറവപ്പശുക്കളായി കാണുന്ന ദയനീയാവസ്ഥ. സാജന്റ് ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില പ്രവാസി സംഘടനകള്‍ രംഗത്തു വന്നെങ്കിലും ഉപരിവര്‍ഗ്ഗത്തോട് വിധേയത്വമുള്ള പല സംഘടനകളും രംഗത്ത് വന്നില്ല. സര്‍ക്കാര്‍ തലത്തില്‍ പ്രവാസികള്‍ക്കായി നടത്തുന്ന പല പേരിലുള്ള ഷോകള്‍, മെഗാഷോകള്‍ കാണാറുണ്ട്. ഇതിലൂടെ പ്രവാസികള്‍ക്ക് എന്തെങ്കിലും ഗുണം ലഭിച്ചോ? ധൂര്‍ത്തടിക്കുന്ന പണമെങ്കിലും കിട്ടുന്നുണ്ടോ? ഇന്ത്യന്‍ എംബസ്സികള്‍ക്ക് ഇന്ത്യക്കാര്‍ എത്രയുണ്ടെന്നുള്ള കൃത്യമായ കണക്കില്ല. കുറ്റം പറയരുതല്ലോ റബ്ബര്‍ സ്റ്റാമ്പാടിച്ചു് തരാന്‍ അവര്‍ ഒപ്പമുണ്ട്. ഈ അടുത്ത സമയത്തു് ഒരു സുകൃത്തു ലണ്ടനിലെ ഇന്ത്യന്‍ എംബസ്സിയില്‍ ഇരുപത് പേജുകള്‍ എംബസ്സി സ്റ്റാമ്പ് ചെയ്യിക്കാന്‍ പോയി. ഒരു പേപ്പര്‍ എംബസ്സി സീല്‍ ചെയ്യുന്നതിന് പതിനെട്ടു പൗണ്ട് കൊടുക്കണം. അത് നൂറു പേപ്പര്‍ സ്റ്റാമ്പ് ചെയ്യ്താലും ഒരു പേപ്പറിന് പതിനെട്ടു പൗണ്ടാണ്. പൗണ്ടിന്റെ വിലയറിയാത്ത പാവങ്ങളെ ചുഷണം ചെയ്യുന്ന ഇതുപോലുള്ള എംബസികള്‍ ലോകത്തെമ്പാടുമുണ്ട്. തൊഴില്‍ രംഗത്ത് അവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പരിഹാരം കാണാനോ, മരുന്ന് വാങ്ങാന്‍ പണമില്ലാത്തവന് എന്തെങ്കിലും സഹായം ചെയ്യാനോ ഇവര്‍ക്കാകുന്നില്ല. കേരളത്തില്‍ മറ്റൊരു സുകൃത്തു അവരുടെ വില്ലേജ് ഓഫീസില്‍ കുട്ടികളുടെ പേരിലേക്ക് വീട് എഴുതിവെക്കാന്‍ പതിനഞ്ചു ദിവസത്തെ അവധിക്ക് പോയി. പേരില്‍ കുട്ടന്‍ കുറഞ്ഞത് മുന്ന് മാസമെടുക്കും. പെട്ടെന്ന് ചെയ്യണമെങ്കില്‍ കൈക്കൂലി കൊടുക്കണം. സുകൃത്തു ശപിച്ചുകൊണ്ട് നല്ലൊരു തുക കൈക്കൂലി കൊടുത്തിട്ടാണ് അത് കുട്ടികളുടെ പേരിലാക്കിയത്. എങ്ങും വെള്ളാനകളാണ്. ഈ കള്ളപണംകൊണ്ടാണല്ലോ ഇവര്‍ മകള്‍ക്ക് ആഹാരം കൊടുക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. ഇവരുടെ തൊലിക്കട്ടി കാണ്ടമൃഗത്തെയും തോല്‍പ്പിച്ചുകളയും. കൈക്കൂലിയുടെ വിളനിലമാണ് കേരളം. സാജനും കൈക്കൂലികൊടുക്കാന്‍ തയ്യാറായില്ല എന്നത് ഇതിനോട് കുട്ടിവായിക്കണം. ജന്മിമാര്‍ക്കായി അവരുടെ സര്‍ക്കാര്‍ വേലിക്കുള്ളില്‍ പശുക്കളെ മേയ്ക്കുന്ന കുടിയാന്മാരായി പാവങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. ഇവരെ നിയന്ത്രിക്കാനോ ഇവരുടെ വാര്‍ഷിക വരുമാന വര്‍ദ്ധനവ് നോക്കാനോ ഒരു സംവിധാനവുമില്ല. ജന്മിമാര്‍ക്ക് ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്തു് ജോലി തരപ്പെടുത്തിയപ്പോള്‍ കൈക്കൂലി വാങ്ങാതിരിക്കുമോ? എന്തൊരു ജനാധിപത്യം.

കമ്മൂണിസ്റ്റ് ആശയങ്ങളുള്ള പാവങ്ങളുടെ ഒപ്പം നില്‍ക്കേണ്ട പാര്‍ട്ടി ഭരിക്കുമ്പോള്‍ എന്തുകൊണ്ടാണ് കൈക്കൂലിയും, സ്വജന പക്ഷപാതവും സങ്കുചിത പ്രവര്‍ത്തനങ്ങളും നടക്കുന്നത്? ഇത് ഈ പാര്‍ട്ടി മാത്രം ചെയ്യുന്ന കാര്യമല്ല എല്ലാവരും കൈക്കൂലി, അഴിമതിക്ക് ബിരുദമെടുത്തു് പാലം പണിയാനും പൊളിക്കാനും അത് പുതിയ പാര്‍ട്ടിക്ക് കൊടുത്തു് കമ്മീഷന്‍ വാങ്ങാനും ഉപരിപഠനം നടത്തികൊണ്ടരിക്കുന്നവരാണ്. പഠനരംഗത്തെല്ലാം ഒന്നാം റാങ്ക് വാങ്ങിയ ഉന്നതനായ രാജു നാരായണസ്വാമി ഒരിക്കലും കൈക്കൂലി വാങ്ങാത്ത ഐ എ എസ് ഉദ്യോഗസ്ഥന്‍ ലോകത്തോട് പറഞ്ഞത് ഇതിനൊക്കെ അടിവരയിടുന്ന കാര്യങ്ങളാണ്. ആയിരകണക്കിന് അഴിമതി കഥകള്‍ അദ്ദേഹത്തിനറിയാം അതില്‍ മൂന്നെണ്ണമാണ് പുറത്തുകൊണ്ടുവന്നത്. അഴിമതി വീരന്മാരായ ജന്മിമാര്‍ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ അന്തംവിട്ടു നിന്നുപോകും. അണിയറയിലും അരങ്ങത്തും നടക്കുന്നു ഈ അഴിമതി ദൈവത്തിന്റ സ്വന്തം നാടിന് എത്ര അപമാനകരമാണ്. യൗവനക്കാര്‍ ഇതൊന്നും കാണുന്നില്ലേ? അവരും ഫ്യൂഡല്‍ മാടമ്പി സംസ്‌കാരത്തിന്റ ഇരകളായി മാറിയോ?

പ്രവാസിയെ, പാവങ്ങളെ, കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന, വിദ്യാസമ്പന്നരെ നാടുകടത്തുന്ന ഈ തട്ടിപ്പ് ജനാധിപത്യം ഇന്ത്യക്ക് വേണമോയെന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഗോഥയില്‍ പോകുന്നവര്‍ ചിന്തിക്കേണ്ട കാര്യമാണ്. ഭരണഘടനയില്‍ എടുത്തുപറയുന്ന കാര്യമാണ് പൗരന് തൊഴില്‍ ലഭിക്കുക. ഓരോ മലയാളിയെ പ്രവാസികളാക്കുന്നത് ഭരണത്തിലുള്ളവരാണ്. ജനാധിപത്യത്തിന്റ പേരും പറഞ്ഞു മരണംവരെ അധികാരത്തിലിരിക്കുന്ന ഈ ജന്മി-മുതലാളിമാര്‍ നിത്യവും മലയാളികളെ നാടുകടത്തികൊണ്ടരിക്കുന്നു. ഒടുവില്‍ കര്ഷകരെപ്പോലെ പ്രവാസികളെയും ആത്മഹത്യയിലേക്കും തള്ളി വിടുന്നു. പാവങ്ങളുടെ, ന്യൂനപക്ഷങ്ങളുടെയിടയില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള ഒരു പാര്‍ട്ടിയില്‍ ജന്മിമാര്‍ കൊഴുത്തുതടിക്കുന്നതും വിമര്‍ശനങ്ങളെ അസഹിഷ്ണതയോട് കാണുന്നതും കമ്മൂണിസ്റ്റ് പ്രത്യശാസ്ത്രത്തിനും സദാചാരത്തിനും സംസ്‌കാരത്തിനും ചേര്‍ന്നതാണോയെന്ന് പരിശോധിക്കേണ്ടതാണ്. മുമ്പുള്ളതിനേക്കാള്‍ ഈ പാര്‍ട്ടിയില്‍ ധാരാളം പുഴുക്കുത്തുകള്‍ കടന്നുകൂടിയിട്ടുണ്ട്. അതില്‍ കുറെ വാലാട്ടികളുമുണ്ട്. വരണ്ടുകിടന്ന മണ്ണില്‍ വിയര്‍പ്പൊഴുക്കി വസന്തം കൊണ്ടുവന്നവരെ ഇവര്‍ മറക്കുന്നു. ദേശാഭിമാനി പത്രമാകട്ടെ സത്യത്തെ വളച്ചൊടിച്ചു വായനക്കാരില്‍ ആശങ്കയുണര്‍ത്തുന്നു. സമൂഹത്തിന് നീതി നല്കാന്‍, സത്യം പറയാന്‍ കരുത്തില്ലാത്ത ഒരു പാര്‍ട്ടിയെയും ജനങ്ങള്‍ അംഗീകരിക്കില്ല. ഇതിനൊന്നും പരിഹാരം കണ്ടില്ലെങ്കില്‍, തെറ്റുകള്‍ തിരുത്തിപോകില്ലെങ്കില്‍ സോഷ്യലിസ്റ്റു ദര്ശനമോ വസന്തകാന്തിപ്പുക്കളോ കേരളത്തില്‍ വിരിയില്ല അതിന് പകരം വിരിയുക താമരയായിരിക്കുമെന്നോര്‍ക്കുക.

പ്രവാസി സമൂഹം ആവശ്യപ്പെടുന്നത് ആത്മഹത്യ ചെയ്ത സാജന് നീതി കിട്ടണമെന്നാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. ജീവിതത്തിലായാലും സാഹിത്യ-സാംസ്‌കാരിക രംഗത്തായാലും പ്രവാസികളോട് കാട്ടുന്ന ക്രൂരവിനോദങ്ങള്‍, ചിറ്റമ്മ നയം അവസാനിപ്പിക്കണം. വിപ്ലവകാരികളിലെ വിപ്ലവകാരിയും രക്തസാക്ഷികളിലെ രക്തസാക്ഷിയുമായ ചെഗുവേരയെ ഓര്‍ക്കുമ്പോള്‍ നിരപരാധിയായിരുന്ന സാജന്റെ രക്തവും അദ്ദഹത്തിന്റ ഭാര്യ, പിഞ്ചോമനകളുടെ മുഖങ്ങളാണ് മുന്നിലേക്ക് വരുന്നത്. അവരുടെ സുരക്ഷിതത്വ0 സര്‍ക്കാര്‍ ഏറ്റടുക്കണം. അവരും ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് വരട്ടെ.