ബിനോയ് കോടിയേരിയെ ഉടന്‍ അറസ്‌റ് ചെയ്യില്ല ; യുവതിയുടെ രഹസ്യ മൊഴിയെടുക്കും
ബിനോയ് കോടിയേരിയെ തല്‍ക്കാലം ചെയ്യേണ്ടതില്ലെന്നു മുംബൈ പൊലീസിന്റെ തീരുമാനം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നത് വരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യില്ല. വ്യാഴാഴ്ചയാണ് ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ ദിന്‍ദോഷി കോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിക്കേണ്ടതായിരുന്നെങ്കിലും ജഡ്ജി അവധിയായിരുന്നതിനാല്‍ കേസ് മാറ്റുകയായിരുന്നു.
അതേസമയം, ഒരാഴ്ചയിലേറെ കേരളത്തില്‍ പരിശോധന നടത്തിയിട്ടും മുംബൈയില്‍ നിന്ന് വന്ന പൊലീസ് സംഘത്തിന് ബിനോയി എവിടെ എന്നത് സംബന്ധിച്ച് സൂചന കിട്ടിയിട്ടില്ല. ബിനോയിയുടെ കുടുംബ വീടുകളില്‍ പോയി നോട്ടീസ് നല്‍കിയും കണ്ണൂരിലും തിരുവനന്തപുരത്തുമായി വിവരശേഖരണം നടത്തിയും വെറുംകൈയോടെ സംഘം തിരികെ പോയി.
മുംബൈയില്‍ നടക്കുന്ന അന്വേഷണവും കാര്യമായി മുന്നോട്ട് പോകുന്നില്ല. മൊഴിനല്‍കാനും കേസിന്റെ വിവരങ്ങള്‍ ആരായാനുമായി പരാതിക്കാരി മൂന്ന് തവണ ഓഷിവാര സ്റ്റേഷനിലെത്തിയിരുന്നു. ഒരാഴ്ചയിലേറെയായി ഒളിവിലുള്ള ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കേസന്വേഷണം മുന്നോട്ടുപോകൂ. അതേസമയം, വ്യാഴാഴ്ച കോടതിയില്‍ നിന്നും ജാമ്യം കിട്ടിയാല്‍ പൊലീസുമായി സഹകരിക്കാമെന്ന നിലപാടിലാണ് ബിനോയ് എന്നാണ് സൂചന.
അതുപോലെ പീഡനപരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവതി ബിനോയിക്കെതിരെ നല്‍കിയ പരാതി. അതിനാലാണ് മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതിയുടെ 164 സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തുന്നത്.