ഞാന്‍ ദേശിയ മുസ്ലിം എന്ന് അബ്ദുള്ള കുട്ടി ; ബി ജെ പി അംഗത്വം

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എംപി എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയില്‍ അശോക റോഡിലെ ബിജെപി ഓഫീസില്‍ വച്ച് പാര്‍ട്ടി പ്രവര്‍ത്തനാധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് അബ്ദുള്ളക്കുട്ടി ബി ജെ പി അംഗത്വം ഏറ്റുവാങ്ങിയത്. ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, വി മുരളീധരന്‍, രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുത്തു.

ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലീമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലീങ്ങള്‍ക്കും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാനാണ് ഇനി താന്‍ പ്രവര്‍ത്തിക്കുകയെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി.

പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചായിരുന്നു അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. ‘ബിജെപിയില്‍ ചേരൂ’, എന്ന് അബ്ദുള്ളക്കുട്ടിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗയില്‍ പങ്കാളിയായ വിവരം താന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി അതില്‍ സന്തോഷം പ്രകടിപ്പിച്ചു.

നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റില്‍ മോദിയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.

ഇങ്ങനെ മോദിയെ പുകഴ്ത്തിയതിനാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. കോണ്‍ഗ്രസിനെ പുകഴ്ത്തിയതിന് മുമ്പ് സിപിഎം അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയിരുന്നു.