പ്രവാസികള്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം: ഡബ്ല്യൂ.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍
വിയന്ന: വിദേശത്ത് ജീവിക്കുമ്പോഴും ജന്മ നാടിന്റെ ഓര്‍മ്മകളില്‍ മുന്നോട്ടുപോകാനും, നാട്ടില്‍ തിരികെ എത്താനും, തങ്ങളുടെ കുട്ടികള്‍ക്ക് നാടിന്റെ നന്മകള്‍ നേടി കൊടുക്കാനും, മലയാള ഭാഷയെ മാറോടണയ്ക്കാനുമൊക്കെയുള്ള ആഗ്രഹങ്ങള്‍ ഓരോ പ്രവാസിയുടെയും ഉള്ളിന്റെയുള്ളില്‍ സജീവമാണ്. എന്നാല്‍ കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കേരളത്തിലെ ജനങ്ങളെ പ്രത്യേകിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന പ്രവാസി മലയാളികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
ഇവിടെ പറയുന്ന കാര്യങ്ങള്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയെ ഉദ്ദേശിച്ചോ, ഭരണവിരുദ്ധതയോ, മറ്റേതെങ്കിലും വ്യക്തികളെ ക്രേന്ദ്രികരിച്ചോ അല്ല എഴുതിയിരിക്കുന്നത്. ജനിച്ച നാട്ടില്‍ ഒരു കാര്യം നടത്തിയെടുക്കാന്‍ ഒരു സാധാരണ പ്രവാസി മുതല്‍ വ്യവസായിയായ പ്രവാസികള്‍ വരെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന കഥകള്‍ ഇനിയും കേള്‍ക്കാന്‍ ഇടവരരുതെന്ന ആഗ്രഹം ഒന്ന് മാത്രം കൊണ്ടാണിത്.
കേരളത്തിന് പുറത്ത് ജീവിക്കുന്നവര്‍ എല്ലാവരും തന്നെ ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ പ്രവാസം നേരിടുന്നവരാണ്. കഴിഞ്ഞ 30 വര്‍ഷമായി ഒരു പ്രവാസി വ്യവസായി എന്ന നിലയിലും, 115 രാജ്യങ്ങളില്‍ ജീവിക്കുന്ന പ്രവാസി സമൂഹത്തെ ഉള്‍പ്പെടുത്തി ആരംഭിച്ചിരിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF)എന്ന ലോകത്തിലെ വലിയ പ്രവാസി മലയാളി സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ എന്ന രീതിയിലും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ മരണത്തിനു കാരണഭൂതമായ സംവിധാനങ്ങളുടെ മെല്ലെ പോക്ക് നയങ്ങളെയും സാഹചര്യങ്ങളെയും, സമീപന രീതികളെയും അപലപിക്കാതിരിക്കാന്‍ സാധിക്കില്ല. നമ്മുടെ രാഷ്ട്രീയ, സാമൂഹിക വ്യവസ്ഥിതികളെ പ്രവാസിയുടെ ജീവിതത്തിലേയ്ക്ക് ഇത്രമേല്‍ വലിച്ചിഴച്ചു ഇത്തരം ദാരുണസംഭവങ്ങളെ വില കുറച്ചുകാണുന്നതിനെ ഒരു തരത്തിലും ന്യായികരിക്കാനും സാധ്യമല്ല. സര്‍ക്കാര്‍ അടിയന്തിരമായി ശ്രദ്ധ നല്‍കേണ്ട വസ്തുതകളിലേക്കാണ് സാജന്റെ മരണം വിരല്‍ ചൂണ്ടുന്നത്.
വര്‍ഷങ്ങള്‍ പ്രവാസിയായി പിന്നീട് ജന്മനാട്ടില്‍ തിരികെ എത്തി ജീവിതം കെട്ടിപ്പടുക്കാനും, പ്രവാസി ആയി ജീവിക്കുമ്പോള്‍ തന്നെ ജന്മനാട്ടില്‍ മുതല്‍ മുടക്കാനും, മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്താനുമൊക്കെ ഒരാളെ പ്രേരിപ്പിക്കുന്നത് അവര്‍ക്കു ഒരു പ്രത്യേക കാലഘട്ടത്തിന് ശേഷം സ്വന്തം നാട്ടില്‍ ലഭിക്കുന്ന സ്വീകാര്യത കൂടി കണക്കിലെടുത്താണ്. അതിനു ഉപകരിക്കുന്നതായിരിക്കണം നമ്മുടെ സംവിധാനങ്ങള്‍. അതിനര്‍ത്ഥം നിലവിലെ നമ്മുടെ സംവിധാനങ്ങള്‍ തച്ചുടച്ചു വാര്‍ക്കണമെന്നോ ദുരുപയോഗം ചെയ്യണമെന്നോ അല്ല, മറിച്ച് പ്രവാസിയെ സഹായിക്കാന്‍ എന്തെങ്കിലും പ്രത്യേക നയം ഇത്തരം കാര്യങ്ങളില്‍ അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു എന്നതാണ്.
പ്രവാസി മലയാളികളില്‍ ജന്മനാട്ടില്‍ തിരികെ എത്തി ജീവിതം കെട്ടിപടുക്കുന്നവരില്‍ ഏറെയും ഗള്‍ഫ് മേഖലയില്‍ ഉള്ളവരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉള്ളവരുമാണ്. യൂറോപ്പ് അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ജീവിതം കരു പിടിപ്പിച്ചവര്‍ കൂടുതല്‍ പേരും അവിടങ്ങളില്‍ തന്നെ തുടരുകയാണ് പതിവ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നമ്മുടെ മലയാളികള്‍ നേരിടുന്നത് വിവിധങ്ങളായ പ്രശ്‌നങ്ങളാണ്. സുരക്ഷിതത്വം ഇല്ലായ്മ, കുടുംബവുമായി ഒത്തുചേര്‍ന്നു ജീവിക്കാനുള്ള സാങ്കേതിക തടസം, കുട്ടികളുടെ വിദ്യാഭ്യാസം, മെഡിക്കല്‍ കെയര്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ അവര്‍ക്ക് ആഫ്രിക്കന്‍ ജീവിതത്തില്‍ പ്രതിരോധം ഉയര്‍ത്തുന്നതില്‍ പ്രധാനമാണ്. ഈ സാഹചര്യങ്ങളെ അതി ജീവിച്ച് വ്യവസായം കെട്ടി പടുത്തു ഒടുവില്‍ സ്വന്തം നാട്ടില്‍ തിരികെ എത്തി ശിഷ്ട ജീവിതം കേരളത്തില്‍ എന്തെങ്കിലും ചെയ്തു ജീവിക്കാന്‍ കണക്കു കൂട്ടിയ ഒരാള്‍ക്ക് മരണത്തിലേയ്ക്ക് തള്ളിവിടുന്ന വ്യവസ്ഥിതി-അതിന്റെ കാരണങ്ങള്‍ എന്ത് തന്നെ ആയാലും അത് ഒരു പരിഷ്‌കൃത സമൂഹത്തില്‍ സംഭവിക്കുമ്പോള്‍ നാം എങ്ങനെയാണ് പ്രതികരിക്കാതെ ഇരിക്കുന്നത്.
നാട്ടില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ഒരു അനുമതി പത്രംനേടുന്നത് മുതല്‍ പ്രവാസിയുടെ മുന്നിലെ വെല്ലുവിളികള്‍ അനവധിയാണ്. നാട്ടില്‍ സ്ഥിരമായി ഉള്ളവര്‍ക്ക് സംഘടിക്കാനും ശക്തരാകാനും ഒക്കെ അവസരം ഉള്ളപ്പോള്‍ വിരുന്നുകാരനെ പോലെ സ്വന്തം മണ്ണില്‍ വന്ന് മടങ്ങുന്ന പ്രവാസിക്ക് നാട്ടില്‍ വേരുകള്‍ ദുര്‍ബലമാണ്. അത് കൊണ്ട് തന്നെ സംഘടിച്ചും മറ്റും കാര്യങ്ങള്‍ നേടിയെടുക്കാന്‍ അവനു കഴിയുന്നുമില്ല. കിട്ടുന്ന ചെറിയ ലീവ് കൊണ്ട് ഇട നിലക്കാരെയും, പിന്നെ കാണേണ്ടവരെ ഒക്കെയും കാണേണ്ട നിലയില്‍ കണ്ടും കാര്യങ്ങള്‍ എല്ലാം ഒന്ന് ശരിയാക്കി വരുമ്പോഴേക്കും എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ ചുവപ്പ് നാടയുടെ അഴിയാ കുരുക്ക് എന്ന ഓമന പേരില്‍ അവനെ വട്ടം ചുറ്റിക്കുന്നു. സ്വന്തം നിലനില്പിനായി, അതിജീവനത്തിനായി തിരികെ മടങ്ങാതെ പ്രവാസിക്ക് മറ്റ് വഴികള്‍ ഇല്ലാതാകുന്നു. തന്റെ സ്വപ്നങ്ങള്‍ പ്രാണന്റെ പ്രാണനായ സ്വന്തം മണ്ണില്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു അവന്‍ മടങ്ങുന്നു. പ്രവാസി പണം കൊണ്ട് പുരോഗമനം ഉണ്ടാകുമ്പോഴും ഒരു രണ്ടാം തരം പൗരന്റെ അവഗണന നേരിടേണ്ടി വരുന്ന ഹതഭാഗ്യനായി അവഗണിക്കപ്പെടുന്നു.
ചെറുതും വലുതുമായ ഇത്തരം പ്രശ്‌നങ്ങളില്‍ പെടുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. ചിലത് മാത്രമാണ് സാജന്റെതു പോലെ പുക മറയില്‍ നിന്നും പുറത്ത് വരുന്നത്. ജീവിക്കാനും സ്വന്തം നാടിനെ അതി ജീവിപ്പിക്കാനും വേണ്ടി അന്യനാട്ടില്‍ കുടിയേറിയവര്‍ ഏതെങ്കിലും ഒരു കാലത്ത് സ്വന്തം മണ്ണില്‍ കാലുറപ്പിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവനു പിന്തുണയേകുന്ന നിയമങ്ങളും, സുതാര്യമായ നയങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടാകേണ്ടതുണ്ട്. പ്രവാസികളുടെ നിക്ഷേപം വഴി സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം, നികുതി, ആളുകള്‍ക്ക് ലഭ്യമാകുന്ന തൊഴില്‍ അവസരങ്ങള്‍ ഇങ്ങനെ നിരവധി അനുബന്ധങ്ങള്‍ മനസിലാക്കി അല്പം കൂടി സ്വീകാര്യത പ്രവാസികള്‍ക്ക് ലഭിക്കണം. ലോക കേരള സഭ പോലുള്ള സംവിധാനങ്ങള്‍ തീര്‍ച്ചയായും പ്രവാസികള്‍ക്ക് സത്വരമായി കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കണം. പ്രവാസികളുടെ സജീവപങ്കാളിത്തം ജനാധിപത്യ പ്രക്രിയയില്‍ വികസിപ്പിച്ച് ബൃഹത് കേരളത്തിന്റെ യഥാര്‍ഥ ശക്തി മുഴുവന്‍ കേരളവികസനത്തിനു ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ലോക കേരള സഭ പ്രവാസികളുടെ കാര്യത്തില്‍ നേരിട്ട് ഇടപെടണമെന്ന് ഈ അവസരത്തില്‍ അഭ്യര്‍ത്ഥിക്കുകയാണ്.
പ്രവാസിയുടെ കാര്യങ്ങളില്‍ അലംഭാവം തെല്ലുമില്ലാതെ, വേഗതയില്‍ കാര്യങ്ങള്‍ നടപ്പില്‍ വരേണ്ടതുണ്ട്. അതിനു ഉതകുന്ന സംവിധാനങ്ങളും, നിയമങ്ങളും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണം. എങ്കിലേ തന്റെ മണ്ണിലേക്ക് തിരികെ വരാനും, നിക്ഷേപങ്ങളിലൂടെ നാടിനെ വളര്‍ത്താനും പ്രവാസി ശ്രമിക്കൂ. അല്ലാത്ത പക്ഷം സുതാര്യമായ നടപടിയും, തനിക്കു സ്വീകാര്യതയും ഉള്ള മറ്റിടങ്ങളിലേക്ക് ജീവിതം വേരാഴ്ത്താന്‍ പ്രവാസി പ്രേരിതനാകും.