തിരുവനന്തപുരം വിമാനത്താവളം : സ്വകാര്യവത്ക്കരണ തീരുമാനത്തിലുറച്ച് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്ന തീരുമാനത്തില്‍ ഉറച്ചു കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് കൊടുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ആറ് വിമാനത്താവളങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരവും ഉണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ലോക്‌സഭയെ അറിയിച്ചു. വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിലുള്ള പ്രതിഷേധം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിനല്ല, സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള സിയാലിന് തന്നെ നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നത്. വിമാനത്താവള നടത്തിപ്പില്‍ സിയാലിന്റെ കാര്യപ്രാപ്തി തെളിയിക്കപ്പെട്ടതാണെന്ന് പിണറായി മോദിയോട് വ്യക്തമാക്കിയിരുന്നു.

ഐക്യരാഷ്ട്രസഭയുടെ പ്രശംസ വരെ സിയാലിന് കിട്ടിയിട്ടുണ്ടെന്നും കണ്ണൂര്‍ വിമാനത്താവളത്തിലൂടെ സിയാല്‍ അത് വീണ്ടും തെളിയിച്ചുവെന്നും പിറണായി കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നു. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ നടത്തിയുള്ള പരിചയം സര്‍ക്കാരിനുണ്ട്. അതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സര്‍ക്കാരിനെ ഏല്‍പിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.

തിരുവനന്തപുരമടക്കം രാജ്യത്തെ ആറുവിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി എന്റര്‍പ്രൈസസിന് കൈമാറാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അമ്പത് വര്‍ഷത്തെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനി ഗ്രൂപ്പ് മുന്നോട്ടു വച്ചത് 168 കോടിയുടെ ടെന്‍ഡറും കെഎസ്‌ഐഡിസിയുടേത് 135 കോടിയുടേതുമായിരുന്നു.