ഇന്ത്യന്‍ കൊടുങ്കാറ്റില്‍ കടപുഴകി കരീബിയന്‍ പുലികള്‍
കരീബിയന്‍ ശൗര്യത്തെ ഒന്ന് പൊരുതാന്‍ പോലും അനുവദിക്കാതെ എറിഞ്ഞിട്ട് ടീം ഇന്ത്യ. ബോളര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ 125 റണ്‍സിന്റെ കൂറ്റന്‍ പരാജയമാണ് വെസ്റ്റ് ഇന്‍ഡീസ് ഏറ്റുവാങ്ങിയത്.
നായകന്‍ വിരാട് കോലിയും മുന്‍ നായകന്‍ എം എസ് ധോണിയും അര്‍ധ സെഞ്ചുറിയോടെ കരുത്തറിയിച്ച മത്സരത്തില്‍ ബൗളിംഗില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് നീലപ്പട വിജയിച്ച് കയറിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുമ്രയും ചഹാലും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ഇതോടെ വമ്പനടിക്കാരുടെ വിന്‍ഡീസ് നിരയുടെ പോരാട്ടം 143 റണ്‍സില്‍ അവസാനിച്ചു.
വിജയലക്ഷ്യമായ 269 റണ്‍സിലേക്ക് വാനോളം പ്രതീക്ഷയുമായിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തില്‍ തന്നെ മുഹമ്മദ് ഷമി കനത്ത ആഘാതം ഏല്‍പ്പിച്ചു. ഹാട്രിക് പ്രകടനത്തിന്റെ കരുത്തമായി എത്തിയ ഷമി ആദ്യ പത്തോവര്‍ പിന്നിടും മുമ്പ് രണ്ട് വിക്കറ്റുകള്‍ എറിഞ്ഞിട്ടാണ് നയം വ്യക്തമാക്കിയത്.
269 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിരങ്ങിയ വിന്‍ഡീസിനെ ഇന്ത്യന്‍ പേസര്‍മാര്‍ വിറപ്പിച്ചു നിര്‍ത്തി. കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക്കടക്കം ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച മുഹമ്മദ് ഷമിയാണ് ഇത്തവണയും വിക്കറ്റ് വേട്ട ആരംഭിച്ചത്. 6 റണ്‍സെടുത്ത ക്രിസ് ഗെയിലിനെ ഷമി കേദാറിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ ഷായ് ഹോപ്പിന്റെ കുറ്റി പിഴുത ഷമി വിന്‍ഡീസ് ഓപ്പണര്‍മാരെ മടക്കി അയച്ചു.
സ്‌കോര്‍: ഇന്ത്യ- നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 268
വെസ്റ്റ് ഇന്‍ഡീസ്- 34.2 ഓവറില്‍ 143 റണ്‍സിന് പുറത്ത്