വിവാഹിതരല്ലാത്ത ജോഡികള്‍ക്ക് റൂം നല്‍കി ; ഓയോ ഹോട്ടല്‍ ഇടതുപക്ഷ വനിതാ സംഘടന പൂട്ടിച്ചു

കോയമ്പത്തൂരിലാണ് സംഭവം. വിവാഹിതരല്ലാത്ത ജോഡികള്‍ക്ക് ഹോട്ടലില്‍ റൂം നല്‍കിയതിനാണു ഓയോ ഹോട്ടല്‍ ഇടതുപക്ഷ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൂട്ടിയത്. കോയമ്പത്തൂര്‍ നഗരത്തിലെ പീലമേടില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലാണ് പൂട്ടിച്ചത്. അവിവാഹിതരായ ജോഡികള്‍ക്കും റൂം അനുവദിക്കുമെന്ന് ഓയോ പരസ്യം ചെയ്തിരുന്നു.

ഹോട്ടലിനെതിരെ ഓള്‍ ഇന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലാ അധികൃതര്‍ക്ക് പരാതി നല്‍കി. സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ലെന്ന സദാചാര പ്രശ്‌നം ഉന്നയിച്ചാണ് ജനാധിപത്യ അസോസിയേഷന്‍ പരാതി നല്‍കിയത്. ഹോട്ടലില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാണെന്നും പരാതിയില്‍ ആരോപിച്ചു. കെട്ടിടത്തിന് താമസാനുമതി മാത്രമാണെന്നും ഹോട്ടല്‍ നടത്താന്‍ അനുമതിയില്ലെന്നും പരാതിയില്‍ പറയുന്നു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹോട്ടലില്‍ റെയ്ഡ് നടത്തി രേഖകള്‍ പരിശോധിച്ചാണ് ജില്ലാ റവന്യൂ അധികൃതര്‍ നടപടിയെടുത്തത്. ഹോട്ടലില്‍ സാദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് കലക്ടറും അറിയിച്ചു. റെയ്ഡിനിടെ ഹോട്ടലില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ റൂമില്‍ ഉണ്ടായിരുന്നെന്നും അധികൃതര്‍ അറിയിച്ചു. അവിവാഹിതരായ ജോഡികള്‍ക്ക് റൂം അനുവദിക്കുന്നത് കുറ്റകരമാണെന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഐഡി പ്രൂഫിന്റെ മാത്രം തെളിവില്‍ ഹോട്ടലില്‍ റൂം അനുവദിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹോട്ടലുടമക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.