കുടിലുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞു വീണ് 17 പേര്‍ മരിച്ചു

പൂനയില്‍ പാര്‍പ്പിട സമുച്ചയത്തിന്റെ ചുറ്റു മതില്‍ കുടിലുകള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീണ് വന്‍ ദുരന്തം. സംഭവത്തില്‍ 17 പേര്‍ മരിച്ചു. ഇനിയും ആളുകള്‍ മണ്ണില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരില്‍ ഒരു സ്ത്രീയും നാല് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

വെള്ളിയാഴ്ച രാത്രി 1.45 ഓടെയാണ് അപകടം നടന്നത്. പൂനെ കോന്ദ്‌വാ പ്രദേശത്തുള്ള പാര്‍പ്പിട സമുച്ചയത്തിന്റെ മതിലാണ് ഇടിഞ്ഞു വീണത്. കനത്തെ മഴയെ തുടര്‍ന്നാണ് അറുപത് അടിയോളം ഉയരമുള്ള മതില്‍ തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്തനിവാരണ സേന സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ബിഹാര്‍, ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍പ്പെടവരെന്ന് പൂനെ ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ അറിയിച്ചു.