വൈദ്യുതികണക്ഷന്‍ നല്‍കിയില്ല ; മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവവ്യവസായി

കെ എസ് ഇ ബി വൈദ്യുതി കണക്ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ എക്‌സ്‌പോര്‍ട്ടിംഗ് സ്ഥാപനത്തിനം നടത്തുന്ന യുവവ്യവസായിയെ താഴെയിറക്കി. വൈദ്യുതി കുടിശ്ശിക അടച്ചുതീര്‍ത്താല്‍ കണക്ഷന്‍ നല്കാമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതോടെയാണ് ഇദ്ദേഹം താഴെയിറങ്ങിയത്. രാവിലെ ആറരയോടെയാണ് അങ്കമാലിയിലെ ന്യൂ ഇയര്‍ ചിട്ടിക്കമ്പനിയുടമ എംഎം പ്രസാദ് കറുകുറ്റി സെക്ഷന്‍ ഓഫീസിനു സമീപത്തെ മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കാനാരംഭിച്ചത്.

കറുകുറ്റി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിലുള്ള മരത്തില്‍ കയറിയിരിക്കുന്ന പ്രസാദിനെ താഴെയിറക്കാന്‍ പൊലീസും ഫയര്‍ഫോഴ്‌സും തഹസില്‍ദാരും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍, ജില്ലാ കളക്ടറെത്തി തനിക്ക് അനുകൂല തീരുമാനം ഉറപ്പ് നല്‍കുന്നതുവരെ താഴെയിറങ്ങില്ലെന്ന നിലപാടിലായിരുന്നു പ്രസാദ്.

പ്രസാദിന്റെ സ്ഥാപനത്തിന്റെ പ്ലാനില്‍ പിഴവ് കണ്ടെത്തിയതിനാലാണ് വൈദ്യുതി കണക്ഷന്‍ നല്‍കാത്തത് എന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം. കെട്ടിടത്തിന്റെ പ്ലാനിലെ അപാകതക്ക് പിഴ ചുമത്തിയിരുന്നു. പിഴത്തുകയില്‍ 4.5 ലക്ഷം രൂപ ഇതുവരെ അടച്ചിരുന്നില്ല. വൈദ്യുതി കുടിശ്ശിക തീര്‍പ്പാക്കി കെട്ടിടത്തിന്റെ പ്ലാനും മറ്റ് രേഖകളും സമര്‍പ്പിച്ചാല്‍ കണക്ഷന്‍ നല്‍കാമെന്ന് ഒടുവില്‍ കെഎസ്ഇബി സമ്മതിക്കുകയായിരുന്നു.

പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇയാളെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. തുടര്‍ന്ന് ആവശ്യം ന്യായമെങ്കില്‍ പരിഹരിക്കുമെന്ന തഹസില്‍ദാര്‍, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പഞ്ചായത്തധികൃതര്‍ എന്നിവരുടെ രേഖ മൂലമുള്ള ഉറപ്പില്‍ വ്യവസായിയെ മരത്തിനു മുകളില്‍ നിന്നും താഴെ ഇറക്കി. വൈദ്യുത കണക്ഷന്‍ നല്‍കാതെ കെ എസ് ഇബി ഉദ്യോഗസ്ഥര്‍ വട്ടം കറക്കുകയാണെന്നായിരുന്നു കമ്പനിയിലെ ഉദ്യോഗസ്ഥരുടെ ആരോപണം.

ഗോള്‍ഡ് ആന്‍ഡ് ടീ വ്യവസായത്തിനുള്ള വൈദ്യുത കണക്ഷന്‍ കെഎസ്ഇബി നല്‍കുന്നില്ലെന്നാരോപിച്ച് കറുകുറ്റി സെക്ഷന്‍ ഓഫീസിനു മുന്നില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരാഹാര സമരത്തിലായിരുന്നു ഇയാള്‍. എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ എത്തി പ്ലാനിലെ അപാകത കാരണം കണക്ഷന്‍ ലഭ്യമാക്കാന്‍ കഴിയില്ല എന്നറിയിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യാ ഭീഷണിയിലേക്ക് നീങ്ങിയത്.

കെട്ടിടത്തിലെ രണ്ടു സ്ഥാപനങ്ങള്‍ക്ക് കെഎസ്ഇബി നേരത്തെ വൈദുതി കണക്ഷന്‍ നല്‍കിയിരുന്നതാണ്. അതേ സമയം എം എം പ്രസാദിന്റെ സ്ഥാപനത്തിന്റെ പ്ലാനില്‍ പിഴവുണ്ടെന്നും, പ്ലാനിലെ അപാകതക്ക് 4.5ലക്ഷം രൂപ പിഴ ചുമത്തിയത് ഇതുവരെ അടച്ചിട്ടില്ല എന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം. റവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുകയാണെന്നും കെഎസ്ഇബി അറിയിച്ചു.