രാജ് കുമാര്‍ വെറും ബിനാമി ; തട്ടിച്ച കോടികള്‍ എവിടെ ? പോലീസ് കൊലപാതകം നടത്തിയത് ആരെ രക്ഷിക്കാന്‍

തമിഴ് മാത്രം എഴുതാനറിയാവുന്ന, ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജ്കുമാര്‍. തേയ്ക്കുകയോ, പെയിന്റടിക്കുകയോ പോലും ചെയ്യാത്ത വീട്ടില്‍ കഴിയുന്ന രാജ്കുമാര്‍ എന്ന വ്യക്തിക്ക് ഒറ്റയ്ക്ക് കോടികളുടെ തട്ടിപ്പ് നടത്തുവാന്‍ സാധിച്ചു എന്ന് പോലീസ് സ്ഥാപിക്കാന്‍ നോക്കുന്നത് ആരെ രക്ഷിക്കാന്‍ വേണ്ടി.

‘ഹരിത’ ഫൈനാന്‍സിന്റെ ഓഫീസില്‍ നിന്ന് കണ്ടെടുത്ത ഒന്നരലക്ഷം കിഴിച്ചാല്‍ അപ്പോഴും പിരിച്ചെടുത്ത കോടികള്‍ കിട്ടാനുണ്ട്. ആ തുക മുഴുവന്‍ എവിടെപ്പോയി? ആരുടെ കയ്യിലാണ് അതുള്ളത്? ലക്ഷങ്ങള്‍ വില വരുന്ന ഇന്നോവ വെറും 1 .75 ലക്ഷത്തിനു ആരാണ് ഡ്രൈവിങ് പോലും അറിയാത്ത രാജ് കുമാര്‍ നല്‍കിയത്. ചോദ്യങ്ങള്‍ ഇങ്ങനെ ധാരാളം ഉണ്ട്.

ചിട്ടി സ്ഥാപനം നടത്താനുള്ള റജിസ്‌ട്രേഷനും ലൈസന്‍സുമെല്ലാം രാജ്കുമാറിനുണ്ട്. ഇടുക്കി നെടുങ്കണ്ടത്തായിരുന്നു ‘ഹരിത’ ഫൈനാന്‍സിന്റെ ഓഫീസ്. സ്ത്രീ ജീവനക്കാരായിരുന്നു രാജ്കുമാറിന്റെ ഓഫീസിലുണ്ടായിരുന്നത്. വ്യക്തികളേക്കാള്‍ കൂടുതല്‍ സ്വയം സഹായ സഹകരണ സംഘങ്ങളെയാണ് ഇവര്‍ ലക്ഷ്യമിട്ടത്. അതായത് ഒറ്റത്തവണ ഒരുപാട് പേരുടെ തുക കിട്ടും. സ്ത്രീ ജീവനക്കാരാണ് വരുന്നത് എന്നതിനാല്‍ നിക്ഷേപകര്‍ക്ക് വലിയ സംശയം തോന്നുകയുമില്ല. ജനുവരിയിലാണ് ഹരിത ഫൈനാന്‍സ് വഴി ഇത്തരമൊരു പണപ്പിരിവ് തുടങ്ങിയത്.

മെയ് 14-നാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ‘ഹരിത ഫൈനാന്‍സ്’ എന്ന പേരിലൊരു ചിട്ടി തട്ടിപ്പ് നടന്നെന്ന പരാതി വരുന്നത്.  ‘ഹരിത’ എന്ന പേരിലുള്ള ചിട്ടിക്കമ്പനി കുടുംബശ്രീ പോലെയുള്ള സ്വയം സഹായ സഹകരണ സംഘങ്ങളെയാണ് ലക്ഷ്യമിട്ടത്. ആയിരം രൂപ മെമ്പര്‍ഷിപ്പ് എടുത്ത് ആര്‍ക്കും ചിട്ടിയില്‍ ചേരാം. ആയിരം രൂപ എടുത്തവര്‍ക്ക് ഒരു ലക്ഷം വരെ വായ്പ കിട്ടും. രണ്ടായിരം രൂപയെടുത്താല്‍ രണ്ട് ലക്ഷം വരെ വായ്പയെടുക്കാം. മൂവായിരം രൂപയാണെങ്കില്‍ മൂന്ന് ലക്ഷം. അങ്ങനെ പത്തിന്റെ ഗുണിതങ്ങളായി പതിനായിരം രൂപ വരെയാണ് ഒറ്റത്തവണ മെമ്പര്‍ഷിപ്പ്. പതിനായിരം രൂപ അടച്ചാല്‍ പത്ത് ലക്ഷം രൂപ വരെ കിട്ടും.

എന്നാല്‍ മെയ് മാസമായപ്പോഴേക്ക്, നിക്ഷേപകരില്‍ പലരും പരാതിയുമായി രംഗത്തെത്തിത്തുടങ്ങി. പണം നല്‍കിയത് മാത്രമേയുള്ളൂ. വായ്പത്തുക ആര്‍ക്കും കിട്ടിയില്ല. പിരിച്ചെടുത്ത പണവുമില്ല. പിരിച്ച പണം തിരികെ വേണമെന്നാവശ്യപ്പെട്ടാണ് ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ഒരു സംഘം നിക്ഷേപകര്‍ ആദ്യം പരാതി നല്‍കിയത്. മെയ് 14-നാണ് ആദ്യ പരാതി നല്‍കിയത്.

ഇതേത്തുടര്‍ന്ന് ഇടനിലക്കാരന്‍ എന്ന നിലയില്‍ നിക്ഷേപകര്‍ക്ക് അറിയാമായിരുന്ന വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാറിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. പലരില്‍ നിന്നായി രാജ്കുമാറും ഹരിത ഫൈനാന്‍സും മൂന്നരക്കോടി രൂപയോളം പിരിച്ചെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. ഒന്നുകില്‍ വായ്പ നല്‍കണം, അതല്ലെങ്കില്‍ പിരിച്ച പണം തിരികെ നല്‍കണമെന്ന് മുന്നറിയിപ്പ് നല്‍കി. പത്ത് ദിവസത്തിനകം പണം നല്‍കാമെന്ന വ്യവസ്ഥയില്‍ രാജ്കുമാറിനെ പൊലീസ് അന്ന് നിക്ഷേപകരുമായി ഒത്തുതീര്‍പ്പാക്കി വിട്ടു.

എന്നാല്‍ പിന്നീടും നിക്ഷേപകരില്‍ ആര്‍ക്കും പണം കിട്ടിയില്ല. പണം വേണമെന്നാവശ്യപ്പെട്ട് ജൂണ്‍ 12-ന് നാട്ടുകാര്‍ കോലാഹലമേട്ടിലെ രാജ്കുമാറിന്റെ വീട് ഉപരോധിച്ചു. തടഞ്ഞു വച്ചു. തുടര്‍ന്ന് പൊലീസെത്തി രാജ്കുമാറിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോയി.

രാജ്കുമാര്‍ പിരിച്ചെടുത്ത ആ പണമെവിടെ എന്നതായിരുന്നു പൊലീസിനെ വലച്ചത്. പലയിടത്തും രാജ്കുമാറിനെയും കൊണ്ട് പൊലീസ് പോയെങ്കിലും പണം കണ്ടെത്താനായില്ല. പല ബാങ്കുകളിലായി രാജ്കുമാര്‍ പണം നിക്ഷേപിച്ചെന്നായിരുന്നു പൊലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് കുട്ടിക്കാനം ഐസിഡിബി പോലെയുള്ള ബാങ്കുകളില്‍ പൊലീസ് രാജ്കുമാറിനെയും കൊണ്ട് പോയി. എന്നാല്‍ ഇവിടെയൊന്നും പണമുണ്ടായിരുന്നില്ല. രാജ്കുമാറിന്റെയും കുടുംബത്തിന്റെയും പേരിലുള്ള അക്കൗണ്ടുകളില്‍ രണ്ടായിരത്തോളം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഈ പണമെവിടെ എന്ന് ചോദിക്കാനാണ് പൊലീസ് രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചിരിക്കുക എന്ന് പറയുന്നുണ്ട്. ആ ക്രൂരമായ കസ്റ്റഡി മരണത്തില്‍ രാജ്കുമാറിന് ഗുരുതരമായി പരിക്കേറ്റിരിക്കണം. പണം കിട്ടാനായി പൊലീസ് ഇയാളെ മര്‍ദ്ദിച്ചു കൊന്നു എന്നും ആരോപണമുയരുന്നുണ്ട്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത തുക എത്രയായിരുന്നു എന്നതിലും അവ്യക്തതകളുണ്ട്. ഒന്നരലക്ഷം രൂപയാണ് ഹരിത ഫൈനാന്‍സിന്റെ ഓഫീസില്‍ നിന്ന് കണ്ടെടുത്തത് എന്നാണ് സ്റ്റേഷന്‍ രേഖ. എന്നാല്‍ രണ്ടരലക്ഷത്തോളം കണ്ടെടുത്തിരുന്നു എന്ന് ആരോപണമുയരുന്നുണ്ട്.

ജൂണ്‍ 12-നാണ് രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ജൂണ്‍ 15-ന് രാത്രിയില്‍ മാത്രമാണ് പൊലീസ് രാജ് കുമറിനെ കോടതിയില്‍ ഹാജരാക്കുന്നത്. ജൂണ്‍ 16-ന് രാത്രി 9.30-നു രാജ്കുമാറിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജൂണ്‍ 21-ന് ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് രാജ്കുമാറിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വച്ചാണ് രാജ്കുമാര്‍ മരിച്ചത്.

എന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ആരോ പോലീസിനെ ഉപയോഗിച്ച് രാജ് കുമാറിനെ കൊലപ്പെടുത്തുകയായിരുന്നു എന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കാണാതായ പണം ആരുടെയോ കയ്യില്‍ ഭദ്രമായി ഇരിപ്പുണ്ട് എന്നും അവര്‍ തന്നെയാണ് ഈ കൊലപാതകത്തിന് പിന്നില്‍ എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

രാജ്കുമാറിന് മാത്രമേ പിരിച്ചെടുത്ത തുക എവിടെയെന്ന് അറിയാമായിരുന്നുള്ളൂ എന്നാണ് നിക്ഷേപകരുള്‍പ്പടെ പലരും ആരോപിക്കുന്നത്. രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു കൊന്നതിലൂടെ ആ പണം എവിടെയെന്നത് ആര്‍ക്കുമറിയാതായെന്നും ആരോപണമുയരുന്നുള്ളൂ. തട്ടിപ്പില്‍ മൂന്നരക്കോടിയെങ്കിലും രൂപ മറിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കോടികള്‍ മറിഞ്ഞ തട്ടിപ്പ് കേസില്‍ ആ തുക മുഴുവന്‍ കയ്യിലുള്ള വ്യക്തികളോ, ഒരു സംഘമാളുകളോ ഇതിന് പിന്നിലുണ്ട്. കസ്റ്റഡിക്കൊല മാത്രമാക്കി ഇതിനെ ഒതുക്കുമ്പോള്‍ അന്വേഷണമെത്തുന്നത് പൊലീസുകാരിലേക്ക് മാത്രമായിരിക്കും.