തിരുവനന്തപുരത്തു നിന്നും വീണ്ടും വിദേശ വനിതയെ കാണ്മാനില്ല എന്ന് പരാതി

തിരുവനന്തപുരത്ത് വീണ്ടും വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. ജര്‍മ്മന്‍ സ്വദേശിനി ലിസ വെയ്സയെയാണ് കാണാനില്ലെന്ന പരാതിയില്‍ വലിയതുറ പൊലീസ് കേസെടുത്തത്.

ജര്‍മ്മന്‍ കോണ്‍സുലേറ്റ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മാര്‍ച്ച് ഏഴാം തീയതിയാണ് ലിസ തിരുവനന്തപുരത്തെത്തിയത്.

എന്നാല്‍ താന്‍ കൊല്ലം അമൃതപുരിയിലേക്ക് പോകുമെന്ന് ലിസ വീട്ടില്‍ പറഞ്ഞിരുന്നതായി ലിസയുടെ മാതാവ് പൊലീസില്‍ വെളിപ്പെടുത്തി. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ലിസയോടൊപ്പം ഒരു സ്വീഡന്‍ യുവാവ് ഉണ്ടായിരുന്നതായി അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ലിത്വേനിയ സ്വദേശി ലിഗ(33) എന്ന വിദേശ വനിതയെ ഇതുപോലെ കാണാതെയായിരുന്നു. തുടര്‍ന്ന് ഒരു മാസത്തിനു ശേഷം അവരുടെ മൃതദേഹം ശിരസ്സറ്റ നിലയില്‍ തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.