കുരുതിക്കളമായി കൊല്ലം ബൈപ്പാസ് ; പരസ്പരം പഴിചാരി അധികാരികള്‍

യാത്രക്കാര്‍ക്ക് പേടി സ്വപ്നമാവുകയാണ് കൊല്ലത്തെ പുതിയ ബൈപ്പാസ് റോഡ്. ആളെക്കൊല്ലും കൊല്ലം ബൈപ്പാസി’ന്റെ പേരില്‍ പരസ്പരം പഴിചാരി തടിയൂരുകയാണ് എംപിയും മന്ത്രിയും എംഎല്‍എമാരും. സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരാണെന്ന് എംപി പറയുമ്പോള്‍ പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്തതാണ് എല്ലാത്തിനും കാരണമെന്ന് എംഎല്‍എമാര്‍ ഒരേ സ്വരത്തില്‍ പറയുന്നു. വഴിയോരക്കച്ചവടക്കാരുടെ എണ്ണം കൂടിയത് അപകടം കൂട്ടുന്നെന്നാണ് മന്ത്രി ജി സുധാകരന് പറയാനുള്ളത്.

പണി പൂര്‍ത്തിയാക്കിയതിന് ശേഷം ഉദ്ഘാടനം ചെയ്താല്‍ മതിയെന്ന് സര്‍ക്കാരും പിഡബ്ല്യൂഡിയും തീരുമാനമെടുത്തതാണ്. എന്നാല്‍, വാശിപ്പുറത്ത് ഒരു ദിവസം ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് മുകേഷ് പറഞ്ഞു. ലൈറ്റിന്റെ കാര്യത്തിലെങ്കിലും എത്രയും വേഗം ആവശ്യമായ നടപടികള്‍ എടുക്കണമെന്ന് മന്ത്രിയോട് പറഞ്ഞിട്ടുണ്ട്. തുടര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം അറിയിച്ചതെന്നും മുകേഷ് പറഞ്ഞു.

അമിത വേഗതയും ജനങ്ങള്‍ റോഡ് മുറിച്ചു കടക്കുന്നതുമാണ് ഇപ്പോള്‍ അപകടങ്ങള്‍ക്ക് മുഖ്യ കാരണമായി പറയുന്നത്. അതുപോലെ ഇടറോഡുകളും അപകടങ്ങള്‍ വരുത്തി വെക്കുന്നുണ്ട്. നാലുവരി പാത വരുന്നതിനുള്ളില്‍ ലൈറ്റിന്റെയും അപ്രോച്ച് റോഡിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് മാത്രമേ ബൈപ്പാസിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂ. പിന്നെ പൊലീസ് സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

13 കിലോമീറ്റര്‍ ബൈപ്പാസില്‍ 57 ഇടറോഡുകളാണ് വന്നുകയറുന്നത്. ഇത്രയും ഇടറോഡുകള്‍ ഉണ്ടാകാന്‍ കാരണം എംപിയുടെ ഇടപെടലാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ബൈപ്പാസ് വന്നത് കൊണ്ട് നിലവിലുള്ള റോഡുകളില്‍ നിന്നുള്ള യാത്രസ്വാതന്ത്ര്യം നിഷേധിക്കുന്നത് ശരിയല്ലെന്നും അക്കാര്യത്തില്‍ താന്‍ ഇടപെട്ടിട്ടുണ്ടെന്നും പറയുന്നു എംപി പ്രേമചന്ദ്രന്‍ പറയുന്നു.

ബൈപ്പാസുകളുകളെല്ലാം നിര്‍മിക്കുന്നതിന്റെ അതേ മാനദണ്ഡത്തില്‍ തന്നെയാണ് കൊല്ലം ബൈപ്പാസും നിര്‍മിച്ചിരിക്കുന്നതെന്നും കൊല്ലം ബൈപ്പാസിനെ സംബന്ധിച്ച് മറ്റൊരു സവിശേഷതയുമില്ലെന്നും
‘വിഷയത്തില്‍ സംസ്ഥാന ട്രാഫിക് സംവിധാനമാണ് ഇടപെടേണ്ടത്. സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ജില്ലാ കളക്ടര്‍ ചെയര്‍മാനായിട്ടുള്ള റോഡ് സുരക്ഷാ കമ്മിറ്റി നിലവിലുണ്ട്. സുരക്ഷ കൂട്ടി അപകടങ്ങള്‍ പരമാവധി പരിമിതപ്പെടുത്തുകയെന്നതാണ് ഏക പോംവഴി’ എംപി പറയുന്നു.