കേരളത്തിലെ കടുവാപോലീസിനെ കൂട്ടിലടക്കാന്‍ കാലമായി…….
കാരൂര്‍ സോമന്‍
മലയാളികള്‍ക്കിടയില്‍ ആളിപടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഭീതിയാണ് പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന ഭീകര മരണങ്ങള്‍. പീരുമേട് പോലീസ് സ്റ്റേഷനില്‍ രാജ് കുമാര്‍ എന്ന മനുഷന്റെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഇരുണ്ട നാളുകള്‍ എന്നറിയപ്പെട്ട അടിയന്തരാവസ്ഥ നമ്മുടെ മൗലികാവകാശങ്ങള്‍ നഷ്ടപ്പെടുത്തിയതിന്റ നാല്പത്തിനാലാം വാര്‍ഷികദിനത്തിലാണ് പോലീസ് സ്റ്റേഷനിലേക്ക് ആരോഗ്യമുള്ള ഒരു മനുഷ്യന്‍ നടന്നുപോയിട്ട് ജീവശ്ശവമായി ധാരാളം മുറിവുകളോടെ പുറത്തേക്ക് വരുന്നത്.
അടിയന്തരാവസ്ഥയുടെ മാറാലകള്‍ ഇന്നും കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലുണ്ടെന്നുള്ളതിന്റ് തെളിവാണിത്. അവിടെ ശുദ്ധി ചെയ്യാന്‍ ഭരണകൂടത്തിനാകുന്നില്ല. പോലീസ്‌കാരുടെ ഇഷ്ടവിഭങ്ങളാണ് ഇടി, തോഴി, ഉരുട്ടിക്കൊല, ലാത്തി, തോക്കു മുതലായവ. മദ്ദളംപോലെ മാനുഷന്റ ശരീരവും മര്‍ദ്ദനോപകരണമാകുന്നു. ഇത് അധികാര-ചൂഷകവര്‍ഗ്ഗത്തിന്റ രക്ഷാകവചങ്ങളാണ്.
പോലീസിന്റ് ബോധമണ്ഡലത്തെ മരവിപ്പിക്കുന്നത് ചൂഷകവര്‍ഗ്ഗം തന്നെയാണ്. ഇംഗ്ലണ്ടിലെ സാഹിത്യകാരന്‍ ജോര്‍ജ് ബര്‍ണാഡ്ഷാ പറഞ്ഞത് ‘ജീവിതത്തില്‍ രണ്ട് ദുരന്തങ്ങളെ ഉണ്ടാകാനുള്ള. ഒന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് കിട്ടുക, രണ്ട് നിങ്ങള്‍ ആഗ്രഹിക്കുന്നത് കിട്ടാതിരിക്കുക’. ഇതില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റ കൈവശമുണ്ടായിരുന്ന 300 കോടി ആരാണ് ആഗ്രഹിച്ചത്?
ഒരു ഡോക്ടര്‍ക്ക് എങ്ങനെ രോഗികളോടെ ഉത്തരവാദിത്വമുണ്ടോ അത് തന്നെയാണ് പൊലീസ് കുറ്റവാളികള്‍ എന്ന് മുദ്രകുത്തിയവരോടും കാട്ടേണ്ടത്. അവര്‍ക്ക് എന്ത് മരുന്നുകൊടുക്കണം, എന്ത് ശസ്ത്രക്രിയ നടത്തണമെന്നൊക്കെ തിരുമാനിക്കുന്നത് കോടതിയാണ് പൊലീസല്ല. പക്ഷെ സംഭവിക്കുന്നത്‌പോലീസ് സ്റ്റേഷനില്‍ അവര്‍ തന്നെ ശസ്തക്രിയ ചെയ്യുന്നു. അത് ഹിംസയാണ്. ആ ഹിംസ വേട്ടനായ്കളെപ്പോലെ വഴിയില്‍ മാത്രമല്ല വീട്, ഓഫീസ്, പോലീസ് സ്റ്റേഷനിലേക്കും അതിക്രമിച്ചു കടന്ന് നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്നു. ഇതിനൊക്കെ അവരെ പ്രേരിപ്പിക്കുന്നത് അത്യാഗ്രഹങ്ങള്‍ തന്നെയാണ്.
ഒരു ഭരണകൂടത്തിന് പൗരന്മാര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം കൊടുക്കാന്‍ സാധിക്കില്ലെങ്കില്‍ ഈ ക്രൂരന്മാരായ പോലീസ് കൊലയാളികളെ ജനങ്ങള്‍ എന്തിന് തീറ്റിപ്പോറ്റണം? പോലീസ് സമീപനങ്ങള്‍, കൈക്കൂലി, ലോക്കപ്പ് മരണം അസഹനീയമാംവിധം ക്രൂരമായിക്കൊണ്ടിരിക്കുന്നു. പോലീസ് വകുപ്പിനെ നിയന്ത്രിക്കാന്‍ ആരുമില്ലാതെ പോകുന്നു. സത്യസന്ധരായ പോലീസ്‌കാര്‍ക്കും ഇതൊക്കെ അപമാനകരമാണ്. ഭരണത്തിലുള്ളവര്‍ എന്തിനാണ് കുറ്റവാളികള്‍ക്ക് കുടപിടിക്കുന്നത്? നിയമങ്ങളെ പിഴുതെറിയാന്‍ ഈ കാക്കിധാരികള്‍ക്ക് എന്തവകാശം? മനുഷ്യ നന്മകളെ മുന്‍നിര്‍ത്തി 1958 ല്‍ മുഖ്യമന്ത്രിയായിരുന്ന ഈ.എം.എസ്. ഭരണപരിഷ്‌കര കമ്മീഷന് ശുപാര്‍ശ ചെയ്തു. 1996 ല്‍ ജനകിയ ആസൂത്രണ പരിപാടികളും അധികാരം ജനങ്ങളിലെത്തിക്കാന്‍ ശ്രമം തുടര്‍ന്നു. ഒരു ഫലവുമുണ്ടായില്ല. പോലീസ് രാജ് പോലെ ഓരോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓരോരോ രാജ് നിലവിലുണ്ട്.
പാകിസ്താനിലെ ജിഹാദികളു0 നമ്മുടെ പോലീസുമായി ഒരു വിത്യാസമാണുള്ളത്? അവര്‍ തലവെട്ടുന്നു. നമ്മള്‍ ഉരുട്ടിക്കൊല്ലുന്നു. തല്ലികൊല്ലുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഒരാളെ കൊലപ്പെടുത്തിയാല്‍ അയാളെ അതുപോലെ കൊലപ്പെടുത്തും. അതിനാല്‍ കുറ്റവാളികളുടെ എണ്ണം കുറവാണ്. സൗദി ദമ്മാമില്‍ ഒരു വെള്ളിയാഴ്ച ദിവസം കൊലക്കുറ്റത്തിന് ഒരു സൗദി-പാകിസ്ഥനിയടക്കം കഴുത്തറക്കുന്നത് ഞാന്‍ നേരില്‍ കണ്ടതാണ്.
നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളാണ് ഗള്‍ഫ് -പാശ്ചാത്യ രാജ്യങ്ങളിലേക്ക് പാവപെട്ടവന്റ് നികുതി പണംമെടുത്ത് സര്‍ക്കാരുകള്‍ അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും മറ്റും പല പേരുകളില്‍ ധൂര്‍ത്തു നടത്തുന്നത്. ഇത്രമാത്രം യാത്രകള്‍ നടത്തിയിട്ടും നമ്മുടെ ഭരണാധികാരികള്‍ അവിടുത്തെ നിയമങ്ങള്‍ എങ്ങനെ പരിപാലിക്കപെടുന്നു, നഗരങ്ങള്‍ എങ്ങനെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു, പുരോഗതി എങ്ങനെയുണ്ടാകുന്നു, വിടും പരിസരങ്ങളും, നദികളും എങ്ങനെ സുന്ദരമായി കിടക്കുന്നു അതൊക്കെ എങ്ങനെ നമ്മുക്ക് ഉപയോഗപ്പെടുത്താം എന്നതിനെപ്പറ്റി യാതൊരു ചിന്തയുമില്ല. ഇത്തരത്തില്‍ സാമൂഹ്യ-രാഷ്ട്രീയ ജീര്‍ണ്ണതയിലമര്‍ന്നുപോയവര്‍ക്ക് മര്‍ദ്ദനത്തിന് ഇരയാകുന്നവന്റ് വേദനകളു0 ഞരക്കങ്ങളും അറിയണമെന്നില്ല. മനുഷ്യത്വ0 നിത്യവും ചവുട്ടിമെതിക്കപ്പെടുന്നു. ഇതങ്ങനെ ജനകിയജനാധിപത്യമാകും?
ഇടത്തു-വലത്തു ഭരണകാലത്തു കസ്റ്റഡി മരണം, ഉരുട്ടികൊലപാതകം കേരളത്തില്‍ സുഗമമായി നടക്കുന്ന യോഗമുറകളാണ്. ഈ കൊലയാളികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല. വീണ്ടും അവര്‍ക്കു ശ്രെഷ്ടമായ പദവികള്‍ ലഭിക്കുന്നു. കുരക്കും പട്ടി കടിക്കില്ല എന്നപോലെ അപ്പോള്‍ കുറെ ബഹളങ്ങള്‍. അതിനപ്പുറം ഒന്നും നടക്കുന്നില്ല.
പോലീസ് സേന ജനങ്ങളുടെ ഘാതകരായി മാറുന്നത് അധികാരകേന്ദ്രങ്ങളില്‍ നടക്കുന്ന ഗുഡാലോചനകളുടെ ഫലമായിട്ടാണ്. അവര്‍ എന്തെല്ലാം ത്വാത്തികമായ വാദങ്ങള്‍, വിഴുപ്പലക്കലുകള്‍ നടത്തിയാലും, വന്‍മ്പിച്ച ജാഥ നയിച്ചാലും ചുമതലപ്പെട്ട പൊലീസുകാരെ വെള്ളപ്പൂശിയാലും പോലീസ് കസ്റ്റഡിയില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ഭരണകൂടഭീകരത തന്നെയാണ്. ഇതൊക്കെ ആത്മാഭിമാനമുള്ള പൗരബോധമുള്ള ഏതൊരു മലയാളിയുടെ ജീവിതത്തിലും ഭീതിയുളവാക്കുന്നു. ഏത് പാര്‍ട്ടി ഭരിച്ചാലും എത്രമാത്രം പുരോഗമനവാദികളായാലും അവിടെയെല്ലാം നിലനില്‍ക്കുന്നത് സാംസ്‌കാരിക അധ:പതനമാണ്.
ലോകത്തു് മൂര്‍ച്ചയേറിയ തൊഴിലാളി വര്‍ഗ്ഗസമരങ്ങള്‍ നടന്നിട്ടുണ്ട് അതൊന്നും ഉട്ടോപ്യന്‍ സോഷ്യലിസമായിരുന്നില്ല. ഈ പിന്‍തിരിപ്പന്‍ പ്രവണതകളെ സ്നേഹസഹോദര്യത്തോടെ പ്രതിരോധിക്കാന്‍ ബുദ്ധിജീവികള്‍ക്കിടയില്‍ നിന്നും ആരും വരുന്നില്ലയെന്നതും ഈ കൂട്ടരുടെ പിടിയിലമര്‍ന്നതിന്റ തെളിവാണ്. അവരും ഈ സമ്പന്ന വര്‍ഗ്ഗ അധികാരികളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നവരായി മാറുന്നു. ഇവിടെയെല്ലാം നടക്കുന്നത് സമ്പത്തും അധികാരവും തമ്മിലുള്ള സംഘര്ഷങ്ങളാണ്.
പല കേസുകളും ബോധപൂര്‍വ്വമായി അട്ടിമറിക്കുന്നു, മുടിവെക്കപ്പെടുന്നു. അതില്‍ ചിലത് മാത്രം മാധ്യമങ്ങള്‍ കുത്തിപൊക്കിയെടുക്കുന്നു. അവരറിയാത്ത എത്രയോ കദനകഥകള്‍ അവശിഷ്ടങ്ങളായി മാറിയിരിക്കുന്നു. ഭരണാധികാര ദുര്‍വിനിയോഗം, സാമ്പത്തിന്റ കരുത്തു, . സത്യം മുടിവെക്കുക, സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സംരക്ഷിക്കുക, ബൂര്‍ഷ്വസികളുടെ വക്കാലത്തുകാരാകുക, കുറ്റവാളികളായ പൊലീസുകാരെ സംരക്ഷിക്കുക തുടങ്ങി എണ്ണമറ്റ നീതിനിഷേധങ്ങള്‍ കാലാകാലങ്ങളിലായി കേരളത്തില്‍ നടക്കുന്നു.
ക്രൂരതയുടെ ഈ മാര്‍ഗ്ഗം സമൂഹത്തില്‍ ഭീതിയുടെ അന്തരീഷം സൃഷ്ട്രിക്കുന്നു. പാവങ്ങള്‍ കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ ഇടിയുടെ വേദനയാല്‍ അലറിക്കരയുന്നു. സ്വന്തം കാര്യസാധ്യത്തിനുവേണ്ടി പൊതു നിയമത്തെ ബലികഴിക്കുന്ന കുറെ സ്വാര്‍ത്ഥന്മാര്‍ രാഷ്ട്രീയ-സാംസ്‌കാരിക -മത-പോലീസ് രംഗത്തുള്ളത് ജനാധിപത്യത്തിന് കളങ്കമാണ്. ഒരു പരാതിക്കാരന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ ആ വ്യക്തിയോട് സ്‌നേഹപുരസ്സരം പെരുമാറാന്‍ അറിയില്ലെങ്കില്‍ അവര്‍ക്ക് പരിശീലനം കൊടുക്കേണ്ടത് കേരളാപോലീസല്ല. അവരെ നന്നാക്കിയെടുക്കാന്‍ നിയമ രംഗത്ത് മിടുക്കന്മാരുണ്ട്.
ബ്രിട്ടനില്‍ നിന്നോ, അമേരിക്കയില്‍ നിന്നോ പോലീസ് അച്ചടക്കം എന്തെന്നറിയാവുന്ന അധ്യാപകരെയാണ് അവരുടെ പഠനപരിശീലകരാക്കേണ്ടത്. അല്ലാതെ പാര്‍ട്ടികളുടെ ഗുണ്ടകളല്ല. നമ്മുടെ നിയമവ്യവസ്ഥിതിയില്‍ ധാരാളം സംഭാവനകള്‍ ബ്രിട്ടീഷ്‌കാരുടെത് ഇപ്പോഴുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളെ ഇത്രമാത്രം സമ്പന്നതയിലെത്തിച്ചത് ബ്രിട്ടീഷ് അമേരിക്കന്‍സ്സാണ്. ഇപ്പോഴു0 അവര്‍ പല സ്ഥാപനങ്ങളിലും മേധാവികളായിരിക്കുന്നു.
നമ്മുടെ പോലീസ് സേനയെ നന്നാക്കാന്‍ പോലീസ് രംഗത്തുള്ളവരെ കൊണ്ടുവന്ന് പരിശീലനം കൊടുക്കുന്നതും ഒരു തെറ്റല്ല.. പോലീസ് കസ്റ്റഡി മരണങ്ങള്‍, ഉരുട്ടിക്കൊലകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥകളൊന്നും അവരുടെ മുന്നില്‍ വിലപ്പോവില്ല. ഗള്‍ഫ് പാശ്ചാത്യ നിയമങ്ങള്‍ വളരെ കര്‍ക്കശമാണ്. ഒരു ഭരണാധികാരിക്കും, രാഷ്ട്രീയ വാലാട്ടികള്‍ക്കും അവിടേക്ക് എത്തിനോക്കാന്‍ അത്രയെളുപ്പമല്ല. അവര്‍ വന്നാല്‍ നിയമം എന്തെന്ന് നമ്മളറിയും. അത് നല്ലൊരു സമൂഹത്തെ രൂപാന്തരപ്പെടുത്തു0. പോലീസ് സേനയുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തുന്നവര്‍, പുരോഗമന0 വരാന്‍ ആഗ്രഹിക്കുന്നവര്‍ ഇതിനെപ്പറ്റി ചിന്തിക്കണം. ഇതിങ്ങനെ എത്രനാള്‍ തുടരും.?
പ്രവാസി സാജന്റ് ആത്മഹത്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല. നെടുങ്കണ്ടം പീരുമേട് കസ്റ്റഡി മരണത്തിന്റ തിരക്കഥക്ക് പിന്നിലെ ബിനാമികള്‍ ആരാണ്? അത് സത്യമാണോ? ഇതൊക്കെ ജനങ്ങള്‍ അറിയേണ്ട കാര്യമാണ്. ഒരാള്‍ അധികാരത്തില്‍ വന്നാല്‍, കാക്കി കുപ്പായമിട്ടാല്‍ ജങ്ങളോടെ ഇത്ര പുച്ഛഭാവം എന്താണ്? ഇത് വെളിപ്പെടുത്തുന്നത് സാമൂഹ്യ- സാംസ്‌കാരിക അരാജകത്വമാണ്.
ഹിംസ, അഴിമതി, അനീതി നടത്തുന്ന പാര്‍ട്ടികളെ ജനങ്ങള്‍ എന്തുകൊണ്ടാണ് വീണ്ടും വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നത്? ഇത് കേരളജനത ഒരു വെല്ലുവിളിയായി ഏറ്റെടുക്കേണ്ടതാണ്. ജനങ്ങള്‍ അധികാരമേല്പിക്കുന്നത് പൗരന്മാരുടെ പൗര അവകാശങ്ങള്‍ സംരക്ഷിക്കാനാണ് അല്ലാതെ ഗുണ്ടകളുടെ, കള്ളകടത്തുകാരുടെ, സമ്പന്നരുടെ, ഓശാന പാടുന്ന പോലീസ്‌കാരുടെ സംരക്ഷകരാകാനല്ല. അതല്ല പുരുഷമേധാവിത്വംപോലെ അധികാര വ്യാപാരമാണോ?
രാജ്രാ കുമാറിന്റ കസ്റ്റഡിമരണത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമുള്ള പങ്ക് എന്താണ്. ഈ കൊലപാതകത്തിന് പിന്നില്‍ വലിയൊരു ഗുഡാലോചനയുണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ഇടത്-വലത് രാഷ്ട്രീയക്കാര്‍ ഈ വിഷയത്തില്‍ ഉരുട്ടിക്കൊലപോലെ ഉരുണ്ടു കളിച്ചിട്ട് കാര്യമില്ല. . ഇന്നും ഇന്നലെയും എത്രയോ ഭരണകൂടങ്ങള്‍ എത്രയോ പാവങ്ങളെ പോലീസ് നരനായാട്ടില്‍ കൊലപ്പെടുത്തിയിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി കരുണാകരന്‍ രാജന്‍ കൊലപാതകത്തില്‍ മന്ത്രി കസേര നഷ്ടപ്പെട്ടില്ലേ? അതിന് ശേഷം പോലീസ് കൊലപാതകത്തില്‍ ഒരു മന്ത്രിയും രാജിവെച്ചു പുറത്തുപോയതായി അറിവില്ല. അധികാരവും ചൂഷണവും ഇവരുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. കൊല്ലുന്ന രജാവിനെ തിന്നുന്ന മന്ത്രിപോലെ കുറെ ജനങ്ങള്‍ വോട്ടു കൊടുത്തു ജയിപ്പിച്ചുകൊണ്ടിരിക്കുന്നു.
ജനാധിപത്യത്തില്‍ വോട്ടുകൊടുക്കുന്നവര്‍ക്ക് കൊലയാനകളുടെ സ്ഥാനമാണുള്ളത്. വോട്ടു കൊടുത്തുകഴിഞ്ഞാല്‍ അധികാരത്തിലെത്തി ജനങ്ങളെ കുഴിയാനകളാക്കുന്നുവെങ്കില്‍ അവര്‍ പത്തിവിടര്‍ത്തിയാടാന്‍ ഒരിക്കലും അനുവദിക്കരുത്. അങ്ങനെയെങ്കില്‍ പാവങ്ങള്‍ വേട്ടയാടപ്പെടില്ല. പോലീസ് പാവങ്ങളെ കൊല്ലുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ പാവങ്ങളെ അഴിമതിയില്‍ മുക്കികൊല്ലുന്നു അല്ലെങ്കില്‍ ആത്മഹത്യയില്‍ എത്തിക്കുന്നു. ധാരാളം പാവങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. ആ കേസുകളില്‍ ആരും ശിക്ഷിച്ചതായി അറിയില്ല. കേരളത്തിലെ പോലീസ്,ഭരണകൂടങ്ങളുടെ ഗുണ്ടകളാണോ അതോ പോലീസ് യൂണിയനുകളോ? കേരളാപോലീസ് നല്ല പോലീസ് എന്നൊക്കെ നമ്മള്‍ മേനി പറയാറുണ്ട്. ഒറ്റപ്പെട്ട സംഭവം എന്നൊക്കെ പറഞ്ഞു രക്ഷപ്പെടാറുണ്ട്. അതിലൂടെ അവരുടെ കപട മുഖങ്ങളാണ് വെളിപ്പെടുന്നത്.
പാവങ്ങളുടെ ജീവനെടുത്തല്‍ ഭരണകൂടം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചെയ്യുന്ന ഒരു കാര്യമാണ് സ്ഥലം മാറ്റം അല്ലെങ്കില്‍ സസ്‌പെന്‍ഷന്‍. ഓരോ യൂണിയനുകളും പോലീസും രാഷ്ട്രീയപാര്‍ട്ടികളുടെ പാദ സേവകരാകയാല്‍ ഏതാനം മാസങ്ങള്‍ കഴിയുമ്പോള്‍ ഒരു ശിക്ഷയുമില്ലാതെ അവര്‍ ജോലിയില്‍ പ്രവേശിക്കും. ഇവിടെ പരാജയപ്പെടുന്നത് അധികാരികള്‍ മാത്രമല്ല ഭരണഘടനയും നിയമങ്ങളുമാണ്. ഇതിനെ പെറ്റിബൂര്‍ഷ്വാ ജനാധിപത്യമെന്ന് വിളിക്കാം. അധികാരികളുടെ രാഷ്ട്രിയതാപം എരിച്ചുതീര്‍ക്കേണ്ടത് പാവങ്ങളുടെ ജീവന്‍ എടുത്തുകൊണ്ടല്ല. കാട്ടിലെ വേടര്‍ ഭക്ഷണത്തിനായി കാടിനുള്ളില്‍ ഇരകളെത്തേടുമ്പോള്‍ നാട്ടിലെ വേട്ടനായ്ക്കള്‍ പാവങ്ങളുടെ ജീവനെ ഇരകളാക്കുന്നു.
അധികാരികളുടെ കൂരമ്പുകളേറ്റു എത്രയോ കുടുംബങ്ങള്‍ തകര്‍ന്നു. എത്രയോ പാവങ്ങള്‍ മിണ്ടാപ്രാണികളെപോലെ ജീവിക്കുന്നു. മുന്‍കാലങ്ങളില്‍ പാടത്തും വരമ്പത്തും വരേണ്യവര്‍ഗ്ഗത്തിന്റ പീഡനങ്ങളേറ്റ് ഹൃദയനൊമ്പരങ്ങള്‍ അനുഭവിച്ചതുപോലെയാണ് ഭരണത്തിലുള്ളവര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുന്നത്. തെരുവുഗുണ്ടകളെപോലെ നിയമങ്ങളുടെ ബാലപാഠമറിയാത്ത കുറെ കാക്കിധാരികള്‍.
ഇന്ത്യന്‍ നിയമത്തില്‍ ഒരിടത്തും പറയുന്നില്ല കസ്റ്റഡിയില്‍ എടുക്കുന്ന പ്രതികളുടെ ശരീരത്തുതൊടാന്‍. ഒരു കുറ്റവാളിയെ കസ്റ്റഡിയിലെടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം, ഉയര്‍ന്ന പോലീസ് അധികാരിയെ അറിയിക്കണം, വൈദ്യപരിശോധന അങ്ങനെ എന്തെല്ലമുണ്ട്. കേരളാപോലീസിനു അതൊന്നും ബാധകമല്ല. ഗുണ്ടകളെപോലെ പണത്തിന്റ കനമനുസരിച്ചു കാലൊടിക്കണോ, കൊല്ലണോ അതവര്‍ ചെയ്തുകൊള്ളും. രാജ്കുമാറിനെ വീട്ടുകാരുടെ മുന്നില്‍വെച്ച് ഇടിക്കുക പിന്നീട് ധാരാളം മുറിവുകള്‍ കാണുക ഇതെല്ലം ഓരോ മലയാളിയുടെ ആത്മഭിമാനത്തെ ചോദ്യം ചെയ്യുന്ന കാര്യങ്ങളല്ലേ?
കേരളത്തിലെ പോലീസ് കാട്ടിലെ കടുവാകളാണോ? ഇത് എന്തുകൊണ്ട് തുടര്‍ക്കഥയാകുന്നു. കേരളീയര്‍ ധാരാളം ഭീഷണികള്‍ നേരിടുന്നുണ്ട്. ജനങ്ങളുടെ ആകെയുള്ള പ്രതീക്ഷയാണ് പോലീസ്, ഭരണകൂടങ്ങള്‍. ജനങ്ങളുടെ ജീവിതം സങ്കീര്‍ണ്ണമാക്കിയാല്‍ എല്ലാവരും മൗനികളാകില്ല. പ്രവാസികളടക്കമുള്ളവര്‍ക്ക് വേണ്ടത് സുരക്ഷിതത്വമാണ് അല്ലാതെ അരക്ഷിതത്വമല്ല. പോലീസ് സേനയില്‍ മാത്രമല്ല എല്ലാ രംഗത്തും സമഗ്രമായ ഒരു മാറ്റം, അഴിച്ചുപണി കേരളത്തിനാവശ്യമാണ് അത് സംഭവിച്ചില്ലെങ്കില്‍ ദൈവത്തിന്റ സ്വന്തം നാട്, സാക്ഷരതയില്‍ ഒന്നാമത് എന്നൊക്കെ പൊങ്ങച്ചം പറഞ്ഞു നടന്നിട്ട് കാര്യമില്ല.
ഭാവി തലമുറകളെ ഇരുളിലേക്ക് തള്ളിവിടുന്നു. . ഭയവും ജാഗ്രതയും ജനത്തിന് മാത്രമല്ല ഭരണകൂടങ്ങള്‍ക്കും വേണം. അതിന് ആദ്യം ചെയ്യേണ്ടത് കടുവകളായ പോലീസിനെ കൂട്ടിലടക്കുക (പിരിച്ചുവിടുക), കുറ്റവാളികളെ ശിക്ഷിക്കുക. ആ കുടുംബത്തിന്റ സംരക്ഷണം ഏറ്റെടുക്കുക.