ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി
തനിക്ക് എതിരെ ഉയര്‍ന്ന പീഡന പരാതിയിലെ അറസ്റ്റ് തടയാന്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ ഡോഷി സെഷന്‍സ് കോടതി നാളെ വിധി പറയും. കോടതിയില്‍ യുവതി നാളെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. നാളെ ബിനോയിക്ക് ജാമ്യം ലഭിച്ചില്ലെങ്കില്‍ ഉടന്‍ അറസ്റ്റിലേക്ക് കടക്കാനാണ് മുംബൈ പൊലീസിന്റെ നീക്കം.
ജൂണ്‍ 20നാണ് ബിനോയ് മുംബൈ ദിന്‍ ഡോഷി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് യുവതിയും കൂട്ടാളികളും ചേര്‍ന്ന് കള്ളക്കേസ് നല്‍കിയത് എന്നായിരുന്നു ബിനോയിയുടെ വാദം.
തന്നെയും കുട്ടിയെയും ദുബായിലേക്കു കൊണ്ടുപോകാനായി വിസയും വിമാന ടിക്കറ്റും അയച്ചുതന്നതിന്റെ രേഖകള്‍ യുവതി അഭിഭാഷകന്‍ മുഖേന വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. വിസയില്‍ കുഞ്ഞിന്റെ അച്ഛന്റെയും യുവതിയുടെ ഭര്‍ത്താവിന്റെയും പേരിന്റെ സ്ഥാനത്ത് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേസില്‍ പ്രത്യേക അഭിഭാഷകന്‍ മുഖേന നാളെയും യുവതി കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നാണ് വിവരം. പ്രോസിക്യൂഷനൊപ്പം യുവതിക്കായി വാദിക്കാന്‍ കോടതി അനുവദിച്ച സ്വകാര്യ അഭിഭാഷകന്‍ തിങ്കളാഴ്ച വീണ്ടും കേസില്‍ എതിര്‍വാദം ഉന്നയിച്ചാല്‍ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നീട്ടിവച്ചേയ്ക്കും.