അധ്യക്ഷ സ്ഥാനം തുടരില്ല ; അഭ്യര്‍ത്ഥന നിരസിച്ചു രാഹുല്‍ ഗാന്ധി

അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇന്ന് രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചത്. രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും സംഘടനാപരമായ എന്ത് തീരുമാനവും എടുക്കാന്‍ അധികാരമുണ്ടെന്നും അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു.

പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആവശ്യം പരിഗണിച്ച് രാഹുല്‍ തീരുമാനം പുന:പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി എന്നിവരാണ് രണ്ട് മണിക്കൂറോളം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് രാഹുല്‍ നേതാക്കളോട് വ്യക്തമാക്കി.

രാജ്യത്തോടും പൗരന്മാരോടും രാഹുലിനുള്ള ആത്മാര്‍ഥത ഉപമകളില്ലാത്തതാണെന്നും ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. പദ്ധതികളുടെയോ നയത്തിന്റെയോ ആശയത്തിന്റെയോ പ്രശ്നം കാരണമല്ല കോണ്‍ഗ്രസ് ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് വേളയില്‍ സ്വന്തം മക്കള്‍ക്കു വേണ്ടി പ്രചാരണം നടത്തുന്നതില്‍ പ്രാധാന്യം കൊടുത്ത ഗെഹ്ലോട്ടിനെയും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെയും രാഹുല്‍ നേരത്തേ വിമര്‍ശിച്ചിരുന്നു.