കനത്ത മഴയില്‍ മുങ്ങി മഹാരാഷ്ട്ര ; 29 മരണം
കനത്തമഴയില്‍ മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ മതിലിടിഞ്ഞ് വീണ് 29 പേര്‍ മരിച്ചു. മുംബൈയില്‍ 45 കൊല്ലത്തിനിടയിലെ ഏറ്റവും വലിയ മഴയില്‍ ജനജീവിതം ദുസ്സഹമായി. കനത്ത മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
മലഡ് ഈസ്റ്റിലെ കുന്നിന്റെ താഴെ കുടില്‍ കെട്ടി താമസിച്ചവരാണ് ഇന്നലെ അര്‍ദ്ധരാത്രിയിലെ പെരുമഴയില്‍ അപകടത്തില്‍ പെട്ടത്. പുറംപോക്കിലെ അംബേദ്കര്‍ കോളനിയില്‍ തകര ഷീറ്റും ഓലയും കെട്ടിയുണ്ടാക്കിയ കൂരകളിലായിരുന്നു, അപകടത്തില്‍ പെട്ടവരില്‍ അധികവും താമസിച്ചിരുന്നത്. മതില്‍ തകര്‍ന്ന് കല്ലും മണ്ണും താഴേക്ക് പതിച്ചപ്പോള്‍ ആളുകള്‍ ചിതറിയോടി.
ഇതുവരെ 20 പേരുടെ മൃതദേഹം മണ്ണിനടിയില്‍ നിന്നും കണ്ടെടുത്തു. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. രക്ഷാദൗത്യം തുടരുന്നു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മരിച്ചവരുടെകുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം നല്‍കുമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
പൂനെയിലെ സിന്‍ഗഡ് കോളേജിന്റെ മതിലിടിഞ്ഞ് വീണ് ആറ് തൊഴിലാളികള്‍ മരിച്ചു. കല്യാണില്‍ ഉറുദു മദ്രസയ്ക്ക് മുകളില്‍ മതിലിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കുര്‍ള ഭാഗത്ത് ഒരു നിലകെട്ടിടത്തിന്റെ ഉയരത്തില്‍ വെള്ളം പൊങ്ങി. രക്ഷാപ്രവര്‍ത്തനത്തിന് നേവിയുമെത്തി. മുംബൈ താനെ, പാല്‍ഘര്‍ എന്നിവിടങ്ങളില്‍ നാളെയും പൊതു അവധിയാണ്.
മഴയ്ക്ക് നേരിയ ശമനമായതോടെ മുംബൈയില്‍ റോഡ്, റെയില്‍ ഗതാഗതം സാധാരണ നിലയിലേക്ക് വന്നിട്ടുണ്ട്. മുംബൈ വിമാനത്താവളത്തില്‍ എസ്ജി 6237 സ്‌പൈസ്ജറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. പ്രധാന റണ്‍വേ രണ്ടുദിവസത്തേക്ക് അടച്ചു. മുംബൈയില്‍ കാലപ്പഴക്കം ചെന്ന് പൊളിയാറായ ആയിരത്തിലധികം കെട്ടിടങ്ങള്‍ ഉള്ളതിനാല്‍ ജനങ്ങള്‍ കനത്ത ആശങ്കയോടെയാണ് കഴിയുന്നത്.