എ വണ്ടര്‍ഫുള്‍ ഡേ: മൂന്ന് രാജ്യാന്തര പുരസ്‌കാരങ്ങളുമായി റോമിയോ കാട്ടൂക്കാരന്‍

ബിജു എം.പി

ഷിക്കാഗോ: അമേരിക്കന്‍ മലയാളിയായ റോമിയോ കാട്ടൂക്കാരന്‍ സംവിധാനം ചെയ്ത ഹൃസ്വചിത്രം എ വണ്ടര്‍ഫുള്‍ ഡേ പ്രദര്‍ശനത്തിന്. ജൂലൈ 21ന് മിഷിഗണില്‍ സെലിബ്രേഷന്‍ സിനിമാസില്‍ വച്ച് ആദ്യ പ്രദര്‍ശനം നടക്കും. ഭക്ഷണം പാഴാക്കല്‍ എന്ന വലിയ ആപത്തറിയിക്കുന്ന ആശയത്തെ കേന്ദ്രികരിച്ചാണ് എ വണ്ടര്‍ഫുള്‍ ഡേ പുരോഗമിക്കുന്നത്.

സമൂഹത്തില്‍ നന്മ ചെയ്യാനായി ഇറങ്ങിത്തിരിക്കുന്ന യുവാവിന് ലഭിക്കുന്ന പ്രതികരണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വൈകാരിക നിമിഷത്തിലൂടെയും, ഹാസ്യത്തിലൂടെയും കടന്നുപോകുന്ന ഈ ചിത്രം നിര്‍മ്മിചിരിക്കുന്നതും സംവിധായകന്റെ തന്നെ നിര്‍മ്മാണ കമ്പനി തന്നെയാണ്. അമേരിക്കയിലെ ഷിക്കാഗോയിലൂം, മിഷിഗണിലൂം ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ഷോര്‍ട്ട് ഫിലിമിന്റെ അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും ഹോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

ഇതിനോടകം തന്നെ അമേരിക്കയിലെ ‘Best Short Competition’ല്‍ നിന്നും ‘Award of Recognition’, ‘Olympus Film Festival’ കാലിഫോര്‍ണിയയുടെ ‘Best First Time Film Maker Award’, ‘Best Producer Award’ എന്നീ രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഈ ചിത്രം ഇതിനോടകം കരസ്ഥമാക്കി.

തൃശൂര്‍ ജില്ലയിലെ ആളൂര്‍ സ്വദേശിയായ റോമിയോ കാട്ടൂക്കാരന്‍ മലയാള സിനിമാ-സീരിയല്‍-പരസ്യ രംഗത്ത് സഹസംവിധായകനായും, നിര്‍മ്മാതാവായും പ്രവര്‍ത്തിച്ച ശേഷം സിനിമയെക്കുറിച്ച് പഠിക്കാനായി അമേരിക്കയില്‍ എത്തി. പഠനം കഴിഞ്ഞ റോമിയോ സിനിമ സംരംഭങ്ങളുമായി കുടുംബ സമേതം ന്യൂയോര്‍ക്കില്‍ താമസിക്കുന്നു.