ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ഇന്ത്യ സെമിയില്‍

ജയത്തിലേക്ക് കുതിച്ച ബംഗ്ലാദേശിനെ 28 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ സെമി ഉറപ്പിച്ചു. 315 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 48 ഓവറില്‍ 286ന് എല്ലാവരും പുറത്തായി. സൈഫുദ്ദീനും സബ്ബിര്‍ റഹ്മാനും ചേര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ ഒന്ന് വിറപ്പിച്ചെങ്കിലും ബുംറയുടെയും ഭുവനേശ്വറിന്റെയും കൃത്യതയാര്‍ന്ന ഡെത്ത് ഓവറുകള്‍ ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു.

66 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്‌കോറര്‍. 4 വിക്കറ്റെടുത്ത ബുംറയാണ് ബംഗ്ലാദേശിന്റെ കഥ കഴിച്ചത്. 3 വിക്കറ്റെടുത്ത പാണ്ഡ്യയും മികച്ച രീതിയില്‍ പന്തെറിഞ്ഞു.

ആദ്യ വിക്കറ്റില്‍ ബംഗ്ലാ ഓപ്പണര്‍മാര്‍ 39 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 10ആം ഓവറില്‍ 22 റണ്‍സെടുത്ത തമീം ഇഖ്ബാല്‍ പ്ലെയ്ഡ് ഓണായി. ഏഴാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന സബ്ബിര്‍ റഹ്മാന്‍-സൈഫുദ്ദീന്‍ സഖ്യം അനായാസം ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടു. വലിയ ലക്ഷ്യത്തിനു മുന്നില്‍ പതറാതെ കൂറ്റന്‍ ഷോട്ടുകള്‍ കളിച്ച ഇരുവരും ശരവേഗത്തില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ബംഗ്ലദേശിന് പ്രതീക്ഷ നല്‍കി. ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

36 റണ്‍സെടുത്ത സബ്ബിറിനെ 44ആം ഓവറില്‍ ഷമി ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറില്‍ മഷറഫെ മൊര്‍താസയെ (8) ധോണിയുടെ കൈകളിലെത്തിച്ച ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചു. എങ്കിലും തളരാതെ പോരാടിയ സൈഫുദ്ദീന്‍ കൃത്യമായ ഇടവേളകളില്‍ ബൗണ്ടറി കണ്ടെത്തി ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കി. വാലറ്റത്തെ കൂട്ടുപിടിച്ച് ധീരമായി പൊരുതിയ സൈഫുദ്ദീന്‍ 38 പന്തുകളില്‍ അര്‍ദ്ധസെഞ്ചുറിയിലെത്തി.

എന്നാല്‍ 48ആം ഓവറില്‍ ബുംറ അഞ്ചാം റൂബല്‍ ഹുസൈനെ (8) ക്ലീന്‍ ബൗള്‍ഡാക്കി അടുത്ത പന്തില്‍ മുസ്തഫിസുറിന്റെയും കുറ്റി പിഴുത് ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചു. 51 റണ്‍സെടുത്ത സൈഫുദ്ദീന്‍ പുറത്താവാതെ നിന്നു.