മഹാരാഷ്ട്രയില്‍ അണക്കെട്ട് തകര്‍ന്ന് ആറ് പേര്‍ മരിച്ചു ; 23 പേരെ കാണാനില്ല

കനത്ത മഴയില്‍ മഹാരാഷ്ടയിലെ രത്‌നഗിരി ജില്ലയിലെ തിവാരി അണക്കെട്ട് തകര്‍ന്ന് ആറുപേര്‍ മരിച്ചു 23 പേരെ കാണാതായി. 15 ഓളം വീടുകള്‍ ഒഴുകിപ്പോയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. പ്രളയ സമാനമായ അന്തരീക്ഷമാണ് രത്‌നഗിരിയിലെന്നാണ് വിവരം ലഭിക്കുന്നത്. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ എഴ് ഗ്രാമങ്ങള്‍ വെള്ളത്തിലായി.

ഇന്നലെ രാത്രി 10 മണിക്കാണ് കനത്തമഴയില്‍ അണക്കെട്ട് തകരുന്നത്. ഏഴ് ഗ്രാമങ്ങളിലേക്കാണ് അണക്കെട്ടിലെ വെള്ളം ഇരച്ചു കയറിയത്. രത്‌നഗിരി ജില്ലയിലെ ചിപ്ലുന്‍ താലൂക്കിലെ 12 ഓളം വീടുകള്‍ ഒലിച്ചു പോയി 23 പേരെയാണ് കാണാതായത്. കൂടുതല്‍ ആളുകള്‍ കുത്തൊഴുക്കില്‍പ്പെട്ടിട്ടുണ്ടാകാനാണ് സാധ്യത.

ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ അണക്കെട്ടിന് വിള്ളലുകള്‍ വീണിരുന്നു. എന്നാല്‍ വേണ്ടത്ര ജാഗ്രതാ നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. കഴിഞ്ഞ അഞ്ചു ദിവസമായി തകര്‍ത്തു പെയ്യുന്ന മഴയില്‍ ഇതുവരെ 35 പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

വിവിധയിടങ്ങളില്‍ മഴ തുടരുന്നതിനാല്‍ മുംബൈ, താനെ, പാല്‍ഘര്‍ എന്നിവിടങ്ങളില്‍ ഇന്നും പൊതു അവധിയാണ്. ഇന്നലെ പെയ്ത കനത്ത മഴയില്‍ 42 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.