ആര്‍എസ്എസ് സമര്‍പ്പിച്ച അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം.ഗൗരീ ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് സമര്‍പ്പിച്ച അപകീര്‍ത്തികേസിലാണ് രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം അനുവദിച്ചത്. ആര്‍.എസ്.എസിന്റെ ആരോപണം നിഷേധിച്ച രാഹുല്‍ ഗാന്ധി, വര്‍ധിതവീര്യത്തോടെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി.പരാതിക്കാരന്‍ ആരോപിക്കും പോലെ രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മുംബൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പതിനയ്യായിരം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ബി ജെ പി ക്കെതിരെയും ആര്‍ എസ് എസിനെതിരെയുമുള്ള ആശയ പേരാട്ടം ആസ്വദിക്കുന്നുവെന്നാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു ശേഷമുള്ള രാഹുലിന്റെ പ്രതികരണം. ഈ നിലപാട് താന്‍ നേരെത്തെ വ്യക്തമാക്കിട്ടുള്ളതാണ്.

അധ്യക്ഷ പദവി ഇന്നലെ ഔദ്യോഗിക ഒഴിഞ്ഞതിനുശേഷം ഈ മാസം മൂന്ന് അപകര്‍ത്തി കേസുകളില്‍ കൂടി രാഹുലിന് ഹാജരാകേണ്ടതുണ്ട്. മോഡിമാര്‍ കള്ളന്‍ന്മാരാണെന്ന പരാമര്‍ശത്തില്‍ രണ്ട് കേസുകളിലാണ് ഹാജരാകേണ്ടത്.ജൂലൈ ആറിന് പാറ്റ്‌ന കോടതിയിലും ഒന്‍പതാം തീയതി സൂറത്ത് കോടതിയിലും ഹാജരാകണം. നിരോധിച്ച നോട്ടുകള്‍ വെളുപ്പിക്കാന്‍ കൂട്ടുനിന്നുവെന പരാമര്‍ശത്തില്‍ അഹമ്മദാബാദ് സഹകരണ ബാങ്ക് നല്‍കിയ കേസ് ജൂലൈ 12 നാണ് വീണ്ടും പരിഗണിക്കുന്നത്.

രാഹുല്‍ ഗാന്ധിക്കും സിപിഎം നേതാവ് സീതാറാം യെച്ചൂരിക്കും അന്നത്തെ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധിക്കുമെതിരേ 2017ലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ധ്രുതിമാന്‍ ജോഷി മാനനഷ്ടത്തിന് പരാതി നല്‍കിയത്.

‘ബിജെപിയുടെയോ ആര്‍എസ്എസ്സിന്റെയോ പ്രത്യയ ശാസ്ത്രത്തിനെതിരേ സംസാരിക്കുന്നവരൊക്കെ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ്’, എന്നായിരുന്നു രാഹുല്‍ ഗാന്ധി ഗൗരിലങ്കേഷിന്റെ വധത്തെ തുടര്‍ന്ന് പ്രതികരിച്ചത്. സമാനമായ പ്രതികരണമാണ് സീതാറാം യെച്ചൂരിയും നടത്തിയത്.

ഇതിനെതിരെയാണ് ജോഷി ഹര്‍ജി നല്‍കിയത്. കോടതി ഇരുവരോടും ഹാജരാകാന്‍ പറഞ്ഞെങ്കിലും വ്യക്തികള്‍ നടത്തുന്ന പരമാര്‍ശത്തില്‍ പാര്‍ട്ടി കക്ഷിയാവേണ്ടതില്ല എന്ന് പറഞ്ഞ് സോണിയ ഗാന്ധിക്കെതിരേയും സിപിഎമ്മിനെതിരേയുമുള്ള ഹര്‍ജി കോടതി തള്ളി.