പെട്രോള്‍ ഡീസല്‍ വില കൂടും ; സാധാരണക്കാരുടെ നട്ടെല്ല് ഒടിക്കുന്ന ബജറ്റ്
രാജ്യത്തു വിലക്കയറ്റത്തിന് നാന്ദി കുറിയ്ക്കുന്ന ബജറ്റ് ആണ് ഇന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചത്. ബജറ്റില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 1 രൂപ അധിക സെസ് ഈടാക്കുന്നതോടൊപ്പം, 1 രൂപ എക്‌സൈസ് ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചു. ഇതോടെ പെട്രോളിനും ഡീസലിനും 2 രൂപയുടെ വര്‍ദ്ധനവ് ഉണ്ടാകും. പെട്രോള്‍-ഡീസല്‍ വിലയിലുണ്ടാകുന്ന വര്‍ദ്ധനവ് വിലക്കയറ്റം ക്ഷണിച്ചുവരുത്തും. ഇന്ധനവില വര്‍ദ്ധിക്കുന്നതോടെ എല്ലാ സാധനങ്ങള്‍ക്കും വില വര്‍ദ്ധിക്കുമെന്ന് ഉറപ്പാണ്. ഗതാഗത ചിലവ് വര്‍ദ്ധിക്കുന്നത്, സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് ഉത്പാദകര്‍ ഈടാക്കുമ്പോള്‍ അത് ഉപഭോക്താക്കളെയാണ് നേരിട്ട് ബാധിക്കുക.
പെട്രോളിനും ഡീസലിനും പുറമേ സ്വര്‍ണത്തിനും വെള്ളിയ്ക്കും ‘തിളക്ക’മേറുകയാണ്. ബജറ്റില്‍ സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റം ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
മുന്‍പ് സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റം ഡ്യൂട്ടി 10% ആയിരുന്നത്, 12.5% ആയി ഉയര്‍ത്തി.
അതേസമയം കേരളത്തോട് അനുഭാവമില്ലാത്ത ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രി കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എയിംസ് അടക്കമുള്ള വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്ധന വിലവര്‍ധനവ് ഏറ്റവും അധികം ബാധിക്കുക കേരളത്തെയാണ്. മാലപ്പടക്കത്തിന് തീ കൊളുത്തും പോലെയുള്ള നടപടിയാണ് ഇന്ധന വിലവര്‍ധനവ്. ചരക്കുകൂലി മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വരെ വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയ പശ്ചാത്തലത്തില്‍ ഉന്നയിച്ച വായ്പാപരിധി വര്‍ധിപ്പിക്കലുള്‍പ്പെടെയുള്ള ആവശ്യങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, പുതിയ ബജറ്റ് നിര്‍ദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കൊച്ചി ഷിപ് യാര്‍ഡ്, റബര്‍ ബോര്‍ഡ് എന്നിവക്കുള്ള വിഹിതം വെട്ടിക്കുറച്ചെന്നും കേരളത്തിലെ ഉള്‍നാടന്‍ ജലപാതയെ അവഗണിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.