രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു.
ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി അവതരിപ്പിച്ച ബജറ്റില്‍ പവര്‍ താരിഫ് പോലുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി നടപ്പിലാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഊര്‍ജ മേഖലയില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ നേരിടാനാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

ഗ്രാമീണ-നഗര മേഖലകളിലെ എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കാന്‍ 2017 ലാണ് പ്രധാന മന്ത്രി സഹജ് ബിജ്ലി ഖര്‍ യോജന പദ്ധതി അവതരിപ്പിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുകയും, മറ്റുള്ളവര്‍ക്ക് വളരെ താഴ്ന്ന നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മാര്‍ച്ച് 31, 2019 ആയിരുന്നു പദ്ധതി ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന കാലയളവ്. എന്നാല്‍ പിന്നീട് ഇത് ഡിസംബര്‍ 31 ലേക്ക് നീട്ടുകയായിരുന്നു.

അതേസമയം ബജറ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ബജറ്റിനെ ‘ഹരിത ബജറ്റ്’ എന്നാണ് വിശേഷിപ്പിച്ചത്. ഈ ബജറ്റ് രാജ്യത്തിന് സമൃദ്ധി നല്‍കുമെന്നും രാജ്യത്തിന്റെ വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ബജറ്റ് നവ ഇന്ത്യയുടെ നിര്‍മ്മാണത്തിലെ പ്രധാന കണ്ണിയാണെന്ന് തെളിയിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഇന്ത്യയിലെ മധ്യവര്‍ഗ്ഗ ജീവിതം പുതിയ ബജറ്റോടെ മെച്ചപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഇന്ത്യയിലെ മധ്യവര്‍ഗ്ഗം ഈ ബജറ്റോടെ പുരോഗതിയിലേക്ക് പോകും. വികസന പദ്ധതികളും ത്വരിതഗതിയിലാകും. നികുതി ഘടന ലഘൂകരിക്കപ്പെടുകയും അടിസ്ഥാനസൗകര്യം ആധുനികവത്കരിക്കപ്പെടുകയും ചെയ്യും. പുതിയ സംരംഭങ്ങളെയും സംരംഭകരെയും ബജറ്റ് ശക്തിപ്പെടുത്തും. മത്രമല്ല രാജ്യത്തെ സ്ത്രീകളുടെ പ്രാതിനിധ്യവും കൂട്ടും. ജറ്റ് പാവപ്പെട്ടവരെ ശാക്തീകരിക്കും’,പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.