എംഎല്‍എമാരുടെ കൂട്ടരാജി ; കര്‍ണ്ണാടക സര്‍ക്കാര്‍ ഏതു നിമിഷവും നിലം പതിക്കും
രാഷ്ട്രീയ പ്രതിസന്ധിയില്‍ വീണ്ടും കര്‍ണ്ണാടക . കോണ്‍ഗ്രസ് വിമതന്‍ രമേശ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 എംഎല്‍എമാര്‍ നിയമസഭാ സ്പീക്കറെ കണ്ടു രാജി സമര്‍പ്പിച്ചു.
എട്ടു കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് സ്പീക്കറുടെ ഓഫീസിലെത്തി രാജി നല്‍കിയത്. എംഎല്‍എമാരുടെ രാജി ഓഫീസില്‍ ലഭിച്ചതായും സ്പീക്കര്‍ രമേശ് കുമാര്‍ സ്ഥിരീകരിച്ചു.
അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് ജെഡിഎസ് എംഎല്‍എമാരുമാണ് ആദ്യം രാജിക്കായി വിധാന്‍ സഭയിലെ സ്പീക്കറുടെ ഓഫീസില്‍ എത്തിയത്. മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി, എച്ച്.വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍, ബി.സി പാട്ടീല്‍, സൗമ്യ റെഡ്ഡി എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്പീക്കറെ കാണാന്‍ എത്തിയത്. അല്‍പസമയത്തിന് ശേഷം രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി സ്പീക്കറുടെ ഓഫീസിലേക്ക് എത്തുകയായിരുന്നു.
പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു
മുന്‍ ആഭ്യന്തര മന്ത്രി കൂടിയാണ് രാമലിംഗ റെഡ്ഡി. രാമലിംഗ റെഡ്ഡിയുടെ മകളും കോണ്‍ഗ്രസ് എംഎല്‍എയുമായ സൗമ്യ റെഡ്ഡിയും സ്പീക്കറെ കാണാനെത്തിയിരുന്നെങ്കിലും മകളുടെ കാര്യം തനിക്കറിയില്ലെന്നായിരുന്നു രാമലിംഗ റെഡ്ഡിയുടെ പ്രതികരണം. കോണ്‍ഗ്രസ് വിമതവിഭാഗം നേതാവും ഒരാഴ്ച മുമ്പ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കുകയും ചെയ്ത രമേശ് ജര്‍ക്കി ഹോളിയും എംഎല്‍എമാര്‍ക്കൊപ്പമുണ്ട്.
എന്നാല്‍ എംഎല്‍എമാര്‍ സ്പീക്കറെ കാണാന്‍ വന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും മന്ത്രി ഡി.കെ ശിവകുമാറും എംഎല്‍എമാരുടെ അടിയന്തരയോഗം വിളിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരും രാജിവെക്കില്ലെന്നും സര്‍ക്കാരിന് പ്രതിസന്ധിയില്ലെന്നുമാണ് ഡി.കെ ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.