പനീര്‍ ബട്ടര്‍ മസാലക്ക് പകരം ബട്ടര്‍ ചിക്കന്‍ നല്‍കി ; സൊമാറ്റോയ്ക്കും ഹോട്ടലിനും അരലക്ഷം രൂപ പിഴ
ഉപഭോക്താവിന് മാംസാഹാരം നല്‍കിയ സംഭവത്തില്‍ സൊമാറ്റോയ്ക്കും ഭക്ഷണം നല്‍കിയ ഹോട്ടലിനും 55000 രൂപ പിഴ. ഷണ്‍മുഖ് ദേശ്മുഖ് എന്ന അഭിഭാഷകന്റെ ഹര്‍ജിയില്‍ പുണെയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് ഈ വിധി പുറപ്പെടുവിച്ചത്.
വരുന്ന 45 ദിവസത്തിനുള്ളില്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. തുക നല്‍കാന്‍ വൈകുന്ന പക്ഷം പത്ത് ശതമാനം പലിശ കൂടി നല്‍കേണ്ടി വരും. ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ ജോലി ചെയ്യുന്ന അഭിഭാഷകന്‍ മെയ് 31 ന് പനീര്‍ ബട്ടര്‍ മസാലയാണ് ഓര്‍ഡര്‍ ചെയ്തത്. തന്റെ വ്രതം അവസാനിപ്പിക്കാനായാണ് ഇദ്ദേഹം ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഇദ്ദേഹത്തിന് ലഭിച്ചത് ബട്ടര്‍ ചിക്കന്‍ എന്ന വിഭവമായിരുന്നു. രണ്ട് കറിയുടെയും നിറം സമാനമായതിനാല്‍ വിഭവം ഏതെന്ന് അറിയാതെ അഭിഭാഷകന്‍ ഇത് കഴിച്ചു.
ഇതേക്കുറിച്ച് സൊമാറ്റോയുടെ ഡെലിവറി ബോയിയോടും ഹോട്ടലുടമയോടും അഭിഭാഷകന്‍ പരാതിപ്പെട്ടു. ഉടന്‍ പനീര്‍ ബട്ടര്‍ മസാല നല്‍കാമെന്ന് ഹോട്ടലുടമകള്‍ പറഞ്ഞെങ്കിലും രണ്ടാമത്തെ തവണയും കിട്ടിയത് ബട്ടര്‍ ചിക്കനായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അഭിഭാഷകന്‍ ഇരു കമ്പനികള്‍ക്കും എതിരെ മറ്റൊരു അഭിഭാഷകന്‍ മുഖേന നോട്ടീസ് അയച്ചു. തന്റെ മതവിശ്വാസത്തെ വേദനിപ്പിക്കും വിധം മനപ്പൂര്‍വ്വം മാംസാഹാരം വിളമ്പിയെന്ന് അദ്ദേഹം നോട്ടീസില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഹോട്ടലുടമയോ സൊമാറ്റോയോ മറുപടി നല്‍കിയില്ല. ഇതോടെ അഭിഭാഷകന്‍ കൂടിയായ ദേശ്മുഖ് കണ്‍സ്യൂമര്‍ ഫോറത്തെ സമീപിച്ചു. സൊമാറ്റോയില്‍ നിന്ന് അഞ്ച് ലക്ഷവും ഹോട്ടലുടമയോട് ഒരു ലക്ഷവും നഷ്ടപരിഹാരമാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്.
എന്നാല്‍ കമ്പനിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ദേശ്മുഖിന്റെ പരാതിയെന്നായിരുന്നു സൊമാറ്റോയുടെ വാദം. പരാതിക്കാരന്‍ വിഭവത്തിന് നല്‍കിയ പണം തിരികെ നല്‍കിയെന്നും ഇവര്‍ പറഞ്ഞു. തെറ്റായ വിഭവം നല്‍കിയതിന്റെ ഉത്തരവാദിത്തം ഹോട്ടലുടമയ്ക്കാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഓര്‍ഡര്‍ തെറ്റിയാണ് അയച്ചതെന്ന് ഹോട്ടലുടമ സമ്മതിച്ചു.