ലങ്കയെ തകര്‍ത്തു സെമിയില്‍ ഇന്ത്യ
രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് നേട്ടത്തില്‍ ശ്രീലങ്കയെ തകര്‍ത്തു സെമി പ്രവേശനം സുഖമമാക്കി ഇന്ത്യ . ഇംഗ്ലീഷ് മണ്ണില്‍ നിന്ന് ജയത്തോടെ നാട്ടിലേക്ക് മടങ്ങാമെന്നുള്ള ശ്രീലങ്കന്‍ മോഹത്തിന് മേല്‍ ആണിയടിച്ച ഇന്ത്യ. എല്ലാ പ്രതീക്ഷകളും അസ്തമിച്ച ലങ്കയുമായി ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ കുറിച്ചത് എഴ് വിക്കറ്റിന്റെ വമ്പന്‍ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍ വിജയലക്ഷ്യം മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി 38 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ഇന്ത്യ മറികടന്നത്.
ശ്രീലങ്ക ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ ഒരു വെല്ലുവിളികളും ഇല്ലാതെ മുന്നേറി. പതിയെ തുടങ്ങിയെങ്കിലും ആക്രമണകാരിയായി മാറിയ രോഹിത് ശര്‍മയാണ് ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചത്. ഒപ്പം പിന്തുണയുമായി കെ എല്‍ രാഹുലും നിന്നതോടെ വിജയമെന്ന സ്വപ്നം ലങ്കയില്‍ നിന്ന് അകന്ന് തുടങ്ങി.
ലോകകപ്പ് സെഞ്ചുറിയില്‍ രോഹിത് ശര്‍മ്മ പുതിയ റെക്കോര്‍ഡുമിട്ടു. കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡ് ആണ് രോഹിത് മറികടന്നത്. ഒരു ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ് ഇത്. ആകെ ലോകകപ്പ് സെഞ്ചുറികളില്‍ സച്ചിനൊപ്പമാണ് നിലവില്‍ രോഹിത് ശര്‍മ്മയുടെ നേട്ടം.
സ്‌കോര്‍: ശ്രീലങ്ക- നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264
ഇന്ത്യ- 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 265