നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് ; മുഖ്യ കണ്ണിക്ക് എതിരെ കൂടുതല്‍ തെളിവ്

നെടുങ്കണ്ടം ഹരിത ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന നാസറിന് എതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഭര്‍ത്താവിന് നാസര്‍ എന്ന വ്യക്തിയുമായി അടുത്ത പരിചയം ഉണ്ടായിരുന്നതായി രാജ്കുമാറിന്റെ ഭാര്യ വെളിപ്പെടുത്തി. രാജ്കുമാറും നാസറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി വാഗമണ്‍ മുന്‍ ബ്ലോക്ക്പഞ്ചായത്തംഗമായ സൈമണും മാധ്യമങ്ങളോട് പറഞ്ഞു.

രാജ്കുമാറിനെ നാസര്‍ ആദ്യം പരിചയപ്പെടുന്നത് സ്ഥലമിടപാടുമായി ബന്ധപ്പെട്ടാണെന്ന് സൈമണ്‍ പറഞ്ഞു. സ്ഥലമിടപാടില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായതോടെ നാസര്‍ കേസ് കൊടുത്തു. ഇത് തീര്‍പ്പാക്കാനായി രാജ്കുമാര്‍ മലപ്പുറത്തേക്ക് പോയി. തിരിച്ചു വന്നതിന് ശേഷമാണ് രാജ്കുമാര്‍ വീട് വിട്ടത്. ഇക്കാര്യം രാജ്കുമാറിന്റെ അമ്മ തന്നോട് പറഞ്ഞതായും സൈമണ്‍ പറഞ്ഞു.

സ്ഥലമിടപാടിന്റെ കേസ് തീര്‍പ്പാക്കാന്‍ ഭര്‍ത്താവിനൊപ്പം താന്‍ മലപ്പുറത്ത് പോയി നാസറിനെ കണ്ടിരുന്നെന്ന് രാജ്കുമാറിന്റെ ഭാര്യ വിജയ പറഞ്ഞു. രാജ്കുമാറിന്റെ അമ്മ കസ്തൂരിയുടെ പേരിലുള്ള അമ്പത് സെന്റ് സ്ഥലത്തിന്റെയും വീടിന്റെയും പേരിലായിരുന്നു കേസ്. പണംകൊടുത്തു കേസ് തീര്‍പ്പാക്കുകയായിരുന്നു. ഇതിന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്കുമാര്‍ വീട്ടില്‍ നിന്ന് പോയത്.അതിന് ശേഷമുള്ള കാര്യങ്ങള്‍ അറിയില്ലെന്നും വിജയ പറയുന്നു.